എല്ലാ ഓണക്കാലത്തും കൃഷ്ണകുമാറും കുടുംബവും നടത്തുന്ന ഫോട്ടോഷൂട്ടും ട്രൻഡിങ്ങ് ആകാറുണ്ട്.
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് സുപരിചിതരാണ് നടൻ കൃഷ്ണകുമാറും കുടുംബവും. കുടുംബത്തിലെ എല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്. പല പ്രേക്ഷകരും ഇപ്പോൾ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഓരോരുത്തരെയും കാണുന്നത്. ഇപ്പോൾ പൊതുപ്രവർത്തനവുമായി കൃഷ്ണകുമാർ തിരക്കിലാണെങ്കിലും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം തങ്ങളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. സിന്ധു കൃഷ്ണ യൂട്യൂബിലൂടെ പങ്കുവെയ്ക്കുന്ന വ്ളോഗുകൾക്കും നിരവധി ആരാധകരുണ്ട്.
എല്ലാ ഓണക്കാലത്തും കൃഷ്ണകുമാറും കുടുംബവും നടത്തുന്ന ഫോട്ടോഷൂട്ടും ട്രൻഡിങ്ങ് ആകാറുണ്ട്. ഇത്തവണ എന്തുകൊണ്ടാണ് അത്തരത്തിൽ ഓണം ഫോട്ടോഷൂട്ട് നടത്താത്തത് എന്നതിനെക്കുറിച്ചാണ് സിന്ധു കൃഷ്ണ പുതിയ വ്ളോഗിൽ സംസാരിക്കുന്നത്.
''എല്ലാ ഓണത്തിനും വലിയ അത്തപ്പൂക്കളം ഒക്കെ ഇട്ട് ഫോട്ടോകള്‍ എടുക്കാറുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇപ്രാവശ്യത്തെ ഓണം. ജീവിതത്തില്‍ നമ്മള്‍ വിചാരിക്കുന്നത് പോലെ ഒന്നുമല്ല സംഭവിക്കുന്നത്. ദൈവത്തിനു മറ്റു പല പദ്ധതികള്‍ ഉണ്ടാകും. ദൈവത്തിന്റെ പദ്ധതികള്‍ പോസിറ്റീവായി തന്നെ നമ്മള്‍ എടുക്കണം. സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് വിചാരിക്കണം. ദിയയുടെ കുഞ്ഞ് ഓമിക്ക് സുഖമില്ലാത്തതിനാല്‍ ആശുപത്രിയില്‍ രണ്ടു ദിവസം ഒബ്‌സര്‍വേഷനില്‍ ആയിരുന്നു. ഓസിയും അശ്വിനും കുഞ്ഞിന്റെ കൂടെയാണ്.
ഈ വീട്ടില്‍ താമസമായിട്ട് ആദ്യമായിട്ടാണ് ഓണം ആഘോഷങ്ങളില്ലാതെ കടന്നുപോയത്. എന്റെ മാതാപിതാക്കളും ആശുപത്രിയിലാണ്. തിരുവോണ ദിനത്തില്‍ ഞാനും അമ്മുവും കൂടി ചെറിയൊരു അത്തപ്പൂക്കളമാണ് വീട്ടില്‍ ഒരുക്കിയത്. വലിയ അത്തപ്പൂക്കളം ഒരുക്കാനുള്ള മൂഡുമില്ലായിരുന്നു. എല്ലാവരും വല്ലാതെ തിരക്കു പിടിച്ച മാസം ആയിരുന്നു ഇത്. ഓണസദ്യ കഴിക്കാത്ത ആദ്യത്തെ തിരുവോണം ആണിത്. വയ്യാതിരിക്കുന്ന എല്ലാവരും ഹെല്‍ത്തി ആയതിനു ശേഷം അടുത്താഴ്ച ഓണം ആഘോഷിക്കും. ഇതെല്ലാം താല്‍ക്കാലികമാണ്, എല്ലാം കടന്നു പോകും'', എന്ന് സിന്ധു കൃഷ്ണ പറഞ്ഞു.



