ചെന്നൈ: വേലൈക്കാരന് ശേഷം ശിവകാര്‍ത്തികേയന്‍ അടുത്തതായി അഭിനയിക്കുന്നത് സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍. ഇന്‍ഡ്ര്, നേട്ര്, നാളെ എന്ന ചിത്രത്തിന്റെ സംവിധായകന്‍ രവികുമാര്‍ ഒരുക്കുന്ന ചിത്രത്തിലാണ് ശിവകാര്‍ത്തികേയന്‍ നായകനാകുന്നത്. ശിവകാര്‍ത്തികേയന്‍ സയന്‍സ് ഫിക്ഷന്‍ ചിത്ത്രതിന്റെ ഭാഗമാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും താരം വാര്‍ത്ത സ്ഥിരീകരിച്ചിരുന്നില്ല.

കോയമ്പത്തൂരില്‍വെച്ച് നടന്ന ഒരു ചടങ്ങില്‍ രവികുമാറുമായി സയന്‍സ് ഫിക്ഷന്‍ ചിത്രം ചെയ്യുന്നുണ്ടെന്ന് മാത്രമാണ് ശിവകാര്‍ത്തികേയന്‍ പറഞ്ഞത്. ചിത്രത്തിന്റെ പേരോ സഹതാരങ്ങളെ കുറിച്ചോ താരം വ്യക്തമാക്കിയില്ല. 

മറ്റ് സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമടക്കം എല്ലാവിധ പ്രേക്ഷകര്‍ക്കും കാണാവുന്ന ചിത്രമായിരിക്കുമതെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു. 

നയന്‍താര, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം ശിവകാര്‍ത്തികേയന്‍ അഭിനയിച്ച വേലൈക്കാരനാണ് അദ്ദേഹത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണമാണ് വേലൈക്കാരന് ബോക്‌സ് ഓഫീസില്‍ ലഭിച്ചത്.