ചെന്നൈ: ബോളിവുഡില്‍ പ്രശസ്തനായ സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ മലയാളചിത്രം 'സോലോ' പുറത്തിറങ്ങുന്ന ദിവസം പ്രഖ്യാപിച്ചു. മലയാളത്തിലും തമിഴിലുമായി ഒരേസമയം ഒരുങ്ങിയ ചിത്രം ഒക്ടോബര്‍ അഞ്ചിന് തീയേറ്ററുകളിലെത്തും. മലയാളം പതിപ്പിന് 2.34 മണിക്കൂറും തമിഴ് പതിപ്പിന് 2.32 മണിക്കൂറുമാണ് ദൈര്‍ഘ്യം. തമിഴ് പതിപ്പിന് യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയതെങ്കില്‍ മലയാളം പതിപ്പിന് ക്ലീന്‍-യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. 

എസ്പിഐ സിനിമാസ് വഴിയാണ് തമിഴ്‌നാട്ടില്‍ വിതരണം. പ്രഖ്യാപിച്ചത് മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള പ്രോജക്ട് നാല് ഭാഗങ്ങളുള്ള ചലച്ചിത്രസമുച്ചയമാണ്. ശിവ, രുദ്ര, ശേഖര്‍, ത്രിലോക് എന്നിങ്ങനെ ശിവന്റെ പര്യായങ്ങള്‍ പേരുകളാക്കിയ നാല് കഥാപാത്രങ്ങളെയാണ് ദുല്‍ഖര്‍ 'സോളോ'യില്‍ അവതരിപ്പിക്കുന്നത്. 

ബോളിവുഡ് ചിത്രം 'വസീറി'ന് ശേഷം ബിജോയ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നാല് നായികമാരും എട്ട് സംഗീതസംവിധായകരുമുണ്ട്. പഞ്ചഭൂതം എന്ന സങ്കല്‍പത്തെ ആധാരമാക്കി മിത്തുകളും യാഥാര്‍ഥ്യങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രമെന്ന് അറിയുന്നു.