രസകരമായ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ നിറഞ്ഞോടുകയാണ്. സിനിമ പ്രവര്‍ത്തകര്‍ പോലും സിനിമയെ വാനോളം ഉയര്‍ത്തി ആഘോഷിക്കുകയാണ്. സിനിമ തിയേറ്ററുകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അതിന്‍റെ വിജയം കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് സൗബിനും മറ്റ് സിനിമാ പ്രവര്‍ത്തകരും.
പറവയെ പോലെ സുന്ദരമാണ് സിനിമയുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ആഷിഖ് അബു ആണ് ആഘോഷത്തിന്‍റെ വീഡിയോ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. റിമ, കല്ലിങ്കല്‍, ആഷിഖ് അബു, ശ്രീനാഥ് ഭാസി, സ്രിന്ദ തുടങ്ങിയ താരങ്ങളോടൊപ്പമാണ് സൗബിന്‍ കേക്ക് മുറിച്ച് സിനിമയുടെ വിജയം ആഘോഷിച്ചത്.
തിരക്കഥകൊണ്ടും സംവിധാന മികവുകൊണ്ടും മുന്നേറുന്ന ഈ സിനിമ മലയാളികള്‍ കണ്ട മികച്ച സിനിമകളാണെന്ന് തന്നെയാണ് ഭൂരിപക്ഷം ആളുകളും പ്രതികരിച്ചത്. പറവയുടെ വെണ്‍ ചിറകേറി സൗബിന്‍ എന്ന സംവിധായകന്‍ മാനംമുട്ടെ പറക്കട്ടെന്നും ചിലര്‍ വീഡിയോയുടെ കമന്‍റായി നല്‍കിയിട്ടുണ്ട്. ചെയ്യുന്ന കാര്യങ്ങളോടും പറയുന്ന വാക്കുകളോടും അപാരമായ സത്യസന്ധത പുലര്‍ത്തുന്നവരാണ് കൊച്ചിക്കാര്‍, അവരിലൊരാളാണ് സൗബിന്‍ ഷാഹിര്‍ അതുപോലെ തന്നെയാണ് പറവയെന്നും ആശിഖ് അബു തന്‍റെ ഫേസ്ബുക്കിലൂടെ കുറിച്ചിരുന്നു.
