"സന്ദേശം എന്ന സിനിമയില്‍ അഴിമതിയും മതവുമില്ല. കാരണം അക്കാലത്തെ മലയാളിയുടെ രാഷ്ട്രീയത്തില്‍ ഇവ രണ്ടും അത്ര പ്രബലമായിരുന്നില്ല. ഇവ രണ്ടും ഇന്ന് മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായി എന്നതാണ് ഇക്കാലം കൊണ്ടുണ്ടായ നേട്ടം."
മലയാളിയുടെ സാമൂഹ്യ ജീവിതത്തെ പരിഹാസച്ചിരിയോടെ നോക്കിയിട്ടുള്ളവയാണ് മിക്ക ശ്രീനിവാസന്‍ സിനിമകളും. സന്ദേശവും വരവേല്‍പ്പുമൊക്കെ വാഴ്ത്തപ്പെട്ടപ്പോള്‍ത്തന്നെ ശ്രീനിവാസന്‍ ചിത്രങ്ങളിലുള്ളത് അരാഷ്ട്രീയതയാണെന്നും വായനകള്‍ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിക്കുന്നുവെന്നതായിരുന്നു അത്തരം വാദമുയര്‍ത്തിയവരുടെ പ്രധാന ആക്ഷേപം. സന്ദേശം പുറത്തിറങ്ങിയിട്ട് 27 വര്‍ഷം പിന്നിടുമ്പോള്‍ ആ സിനിമയില്‍ പറഞ്ഞിരിക്കുന്നതില്‍ നിന്ന് പിന്നോട്ടാണ് മലയാളിയുടെ രാഷ്ട്രീയയാത്രയെന്ന് അഭിപ്രായപ്പെടുന്നു ശ്രീനിവാസന്‍. അതിന്റെ കാരണവും പറയുന്നു മാതൃഭൂമി വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍.
"സന്ദേശം എന്ന സിനിമയില്‍ അഴിമതിയും മതവുമില്ല. കാരണം അക്കാലത്തെ മലയാളിയുടെ രാഷ്ട്രീയത്തില്‍ ഇവ രണ്ടും അത്ര പ്രബലമായിരുന്നില്ല. ഇവ രണ്ടും ഇന്ന് മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായി എന്നതാണ് ഇക്കാലം കൊണ്ടുണ്ടായ നേട്ടം." അധികാരം എന്നത് തൊട്ടുതാഴെയുള്ളവന്റെ നേരെ പ്രയോഗിക്കാനുള്ള ആയുധമായെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെടുന്നു. "അരാഷ്ട്രീയതയില്‍ നിന്നുണ്ടായതല്ല മലയാളിയെക്കുറിച്ചുള്ള എന്റെ എഴുത്തും അഭിപ്രായങ്ങളും. നാട്ടില്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റുകാരായിരുന്നു. അവിടവിടെ കുറച്ച് കോണ്‍ഗ്രസുകാരും. കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും തമ്മില്‍ കണ്ടാല്‍ മിണ്ടില്ല. എന്റെ അച്ഛന്‍ കമ്യൂണിസ്റ്റുകാരനായിരുന്നു, അമ്മ കോണ്‍ഗ്രസും. ഞാന്‍ ഇതിന്റെ രണ്ടിന്റെയും ഇടയില്‍പ്പെട്ട് രണ്ടും കെട്ടവനായി."
അഴിമതിയുടെ പങ്ക് താഴേത്തട്ടില്‍ വരെ എത്തി എന്നതിനാലാണ് മലയാളി ഈ അവസ്ഥയ്ക്കതിരേ പ്രതികരിക്കാത്തതെന്നും ശ്രീനിവാസന്‍. "എനിക്കുള്ള വീതം കിട്ടി, പിന്നെന്തിനാണ് ഞാന്‍ പ്രതിഷേധിക്കാന്‍ പോവുന്നത് എന്ന മനോഭാവമുണ്ട് മലയാളികള്‍ക്ക്." ഈ രാഷ്ട്രീയ ജീര്‍ണതകള്‍ക്ക് പരിഹാരമായി ഒരേയൊരു സാധ്യത മാത്രമേ താന്‍ കാണുന്നുള്ളുവെന്നും അത് ഇവിടുത്തെ ബോധമുള്ള യുവജനതയിലാണെന്നും പറയുന്നു ശ്രീനിവാസന്‍.

"രാഷ്ട്രീയ ജീര്‍ണതയുടെ കാലത്ത് ജനിച്ചതുകൊണ്ട് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്ത, എന്നാല്‍ നല്ല ബോധമുള്ള ഒരു യുവജനത ഇവിടെയുണ്ട്. അവരുടെ മടുപ്പ് താല്‍ക്കാലികമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാലക്രമേണ അവര്‍ ഇവരെയൊക്കെ എതിര്‍ക്കുന്ന ശക്തിയായി വന്നേക്കാം. മലയാളിക്ക് മുന്നില്‍ വേറൊരു രാഷ്ട്രീയ സാധ്യതയും പുതുതായി ഞാന്‍ കാണുന്നില്ല. അഴിമതി നടത്താനുള്ള അവസരമുള്ളിടത്തോളം കാലം നമ്മുടെ രാഷ്ട്രീയം ശുദ്ധമാവില്ല, രാഷ്ട്രീയക്കാരും.." ശ്രീനിവാസന്‍ പറഞ്ഞവസാനിപ്പിക്കുന്നു.
