ചെന്നൈ: ശബരിമല സ്ത്രീ പ്രവേശനത്തെ എതിർത്ത് തെലുങ്ക് താരം ശ്രീ റെഡ്ഡി. ശബരിമലയിൽ യുവതികൾ പോകുന്നത് നിർത്തണമെന്നും ക്ഷേത്ര ആചാരങ്ങൾക്ക് വില കൽപ്പിക്കണമെന്നും ശ്രീ റെഡ്ഡി പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഈകാര്യം വ്യക്തമാക്കിയത്. ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും പ്രവേശിച്ച വീഡിയോയ്ക്കൊപ്പമാണ് ശ്രീ റെഡ്ഡി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 
 
ശബരിമലയിൽ പ്രവേശിക്കുന്ന യുവതികളെ തടയുന്നതായിരിക്കും നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ പെൺകുട്ടികളെ ബഹുമാനിക്കുന്നു. കാരണം അവർക്ക് മൂല്യമുണ്ട്. അതുപോലെ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ക്കും വില നല്‍കൂ. ഹിന്ദുത്വത്തെ സംരക്ഷിക്കൂ. അയ്യപ്പനെയും മതങ്ങളുടെ മൂല്യങ്ങളെയും ബഹുമാനിക്കൂ. ദൈവത്തിന് എതിരായി നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ നമുക്ക് അനുഗ്രഹം ലഭിക്കില്ല. മാത്രമല്ല അത് പെൺകുട്ടികളുടെ ഭാവിക്ക് ദോഷം ചെയ്യുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്-ശ്രീ റെഡ്ഡി ഫേസ്ബുക്കിൽ കുറിച്ചു.

തന്റെ പോസ്റ്റിന് താഴെ നെഗറ്റീവ് കമന്റുകള്‍ നല്‍കുന്നവര്‍ക്കും ശ്രീ റെഡ്ഡി മറുപടി പറയുന്നുണ്ട്. ' നെഗറ്റീവ് കമന്റുകള്‍ നല്‍കുന്നവരോട്, ദൈവം ജനിച്ചത് പത്തൊന്‍പതാം നൂറ്റാണ്ടിലോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലോ അല്ല. ഇത് സനാതന ധര്‍മമാണ്. ഇത്തരം  പ്രവർത്തികളിലൂടെ നമ്മള്‍ മുന്നോട്ടല്ല, പിറകോട്ടാണ് പോകുന്നത്. വിദ്യാഭ്യാസമുള്ള വിഡ്ഢികളോട് പുച്ഛം തോന്നുന്നു. സുപ്രീം കോടതിക്കും ഇന്ത്യന്‍ ഭരണഘടനയ്ക്കും മുന്‍പ് ഹിന്ദു വേദങ്ങള്‍ ഉണ്ടായത് ആചാരങ്ങള്‍ പഠിപ്പിക്കാനാണ്, എന്ത് ചെയ്യണം, ചെയ്യരുതെന്ന് പഠിപ്പിക്കാനുമാണ് എന്ന് തുടങ്ങിയ മറുപടികളാണ് ശ്രീ റെഡ്ഡി പോസ്റ്റിന് ലഭിക്കുന്ന കമന്റുകൾക്കുള്ള മറുപടിയായി നൽകുന്നത്. താരത്തിന്റെ പോസ്റ്റിന് മികച്ച പിന്തുണയുമായി നിരവധിയാളുകളാണ് രം​ഗത്തെത്തിയത്.  

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ പ്രമുഖർക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി താരമായി മാറിയ നടിയാണ് ശ്രീ റെഡ്ഡി. തെലുങ്ക് സിനിമ ലോകത്ത് ജൂനിയര്‍ നടിമാര്‍ക്കെതിരായ ചൂഷണങ്ങള്‍ സംബന്ധിച്ച് നടി ശ്രീറെഡ്ഡി നടത്തിയ വെളിപ്പെടുത്തലുകള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നാനി, റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍, പ്രമുഖ സംവിധായകര്‍ തുടങ്ങി നിരവധിപ്പേര്‍ക്കെതിരെ തെളിവുകള്‍ സഹിതമാണ് ശ്രീ റെഡ്ഡി ആരോപണം നടത്തിയത്.

തമിഴ് നടൻ വിശാൽ, ലോറൻസ്, ശ്രീകാന്ത്, സംവിധായകൽ സുന്ദർ സി, എആർ മുരുകദോസ് എന്നിവൽക്കെതിരേയും നടി ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രം​ഗത്തെത്തിയിരുന്നു. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചത് ദേശീയ മാധ്യമങ്ങളടക്കം ചർച്ച ചെയ്തിരിന്നു.