സിനിമാ പ്രേമികളുടെ ഹൃദയം കവര്‍ന്ന നടിമാരാണ് ജയപ്രഭയും അന്തരിച്ച ശ്രീദേവിയും. ബോളിവുഡില്‍ ഇരുവരും ഏകദേശം ഒരേ സമയത്ത് തന്നെയാണ് എത്തിയതും. എന്നാല്‍ സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴും ഇവര്‍ തമ്മില്‍ പിണക്കത്തിലായിരുന്നു. ഇരുവര്‍ക്കും തമ്മിലുള്ള പരസ്യമായ രഹസ്യം ഈഗോ പ്രശ്‌നമാണ്.

അതുകൊണ്ട് തന്നെ ഇരുവരും 25 വര്‍ഷത്തോളം പിണങ്ങി നിന്നു. ക്യാമറയ്ക്ക് മുന്നില്‍ ചിരിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്ത ഇവര്‍ പരസ്പരം മിണ്ടാറില്ലായിരുന്നുവത്രേ. തൊഹ്ഫ,മഖ്‌സദ് തുടങ്ങിയ ചിത്രങ്ങള്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചതാണ്. എന്നാല്‍ ഇരുവരും തമ്മില്‍ മത്സരം തന്നെയായിരുന്നുവെന്നാണ് ബോളിവുഡിലെ വാര്‍ത്ത.

ശ്രീദേവിയും ജയപ്രദയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി നടന്‍ രാജേഷ് ഖന്നയും ജിതേന്ദ്രയും ശ്രമിച്ചിരുന്നു. അതിനായി ഇരുവരേയും ഒരു മുറിയില്‍ കുറച്ച് നേരം പൂട്ടിയിട്ടു.

പിന്നീട് വാതില്‍ തുറന്നപ്പോള്‍ ശ്രീദേവിയും ജയപ്രദയും തമ്മില്‍ സംസാരിക്കാതെ എതിര്‍ ദിശകളില്‍ നോക്കിയിരിക്കുകയായിരുന്നുവെന്നും പറയുന്നുണ്ട്. എന്നാല്‍ അമര്‍ സിംഗ് നടത്തിയ പാര്‍ട്ടിക്കിടയില്‍ ഇരുവരും തമ്മില്‍ ശീതയുദ്ധം അവസാനിപ്പിച്ച് സൗഹൃദത്തിലായി.