ജൂലൈയിലാണ് സിനിമ പ്രദര്‍ശത്തിന് എത്തുമെന്ന് നിശ്ചയിച്ചത്

നടി ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് കുടുംബവും ആരാധകരും ഇതുവരെ മുക്തരായിട്ടില്ല. സിനിമയില്‍ മാത്രമല്ല മക്കളുടെ കാര്യത്തിലും ശ്രീദേവി അതീവ ശ്രദ്ധ കാണിച്ചിരുന്നു. എന്നും മക്കള്‍ക്ക് തണലായി നിന്നിരുന്നു. എന്നാല്‍ മകള്‍ ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം കാണാതെയാണ് മണ്‍മറിഞ്ഞത്.

കൊതിയോടെയാണ് ശ്രീദേവി മകളുടെ അരങ്ങേറ്റത്തെ കാത്തിരുന്നത്. എന്നാല്‍ ശ്രീദേവിയുടെ മരണത്തെ തുടര്‍ന്ന് ജാന്‍വിയുടെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത് വൈകാന്‍ സാധ്യതയെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ചിത്രീകരണമാരംഭിച്ച 'ധടക'് എന്ന ചിത്രത്തിന്റെ അവസാനഘട്ടത്തിലാണ് ശ്രീദേവിയുടെ അപ്രതീക്ഷിത മരണം.

 ചിത്രത്തിന്റെ അണിയറ പ്രവര്‍നത്തനങ്ങള്‍ തല്‍കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. വീണ്ടും എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ശശാങ്ക് ഖൈതാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കരണ്‍ ജോഹറാണ്. 2016 ല്‍ പുറത്തിറങ്ങിയ മറാഠി ചിത്രം 'സൈരാത്തി'ന്റെ റീമേക്കാണ് ഇഷാന്‍ ഖട്ടര്‍ നായകയാകുന്ന ധഡക്.

 ക്യാമറയ്ക്ക് മുന്നില്‍ ജാന്‍വിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നതെന്ന് ചിത്രീകരണ സമയത്ത് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ജൂലൈ 20 ന് ചിത്രം പുറത്തിറങ്ങുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.