ബാഹുബലിയിലെ ഗംഭീര കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ശിവഗാമി. രമ്യാ കൃഷ്‍ണനാണ് ശിവഗാമിയായി തകര്‍ത്ത് അഭിനയിച്ചത്. ശ്രീദേവിയെ ആയിരുന്നു ആദ്യം ക്ഷണിച്ചതെന്ന് സംവിധായകന്‍ എസ് എസ് രാജമൗലി വെളിപ്പെടുത്തിയിരുന്നു. ബാഹുബലിയിലെ വേഷം ശ്രീദേവി നിരസിച്ചത് നല്ലതായി എന്നും രാജമൗലി പറഞ്ഞിരുന്നു. രമ്യാ കൃഷ്‍ണന്‍ ആ കഥാപാത്രത്തെ അതിഗംഭീരമാക്കി. ശ്രീദേവിയെ സിനിമയിൽ നിന്ന് നീക്കാനുള്ള തീരുമാനം ഞങ്ങളുടെ ഭാഗ്യമായി ഇപ്പോള്‍ തോന്നുന്നുവെന്നും എസ് എസ് രാജമൗലി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനൊന്നും ശ്രീദേവി മറുപടി പറഞ്ഞിരുന്നില്ല. ഏറ്റവും ഒടുവില്‍ ശ്രീദേവിയുടെ പുതിയ സിനിമയായ മോമിന്റെ പ്രമോഷന്‍ ചടങ്ങിലും ബാഹുബലിയെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ ശ്രീദേവി ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്.
ബാഹുബലിയിലെ വേഷം നിരസിച്ചത് എന്തിന് എന്ന ചോദ്യത്തിന് ശ്രീദേവിയുടെ മറുപടി ഇങ്ങനെ- സിനിമയുടെ രണ്ട് പതിപ്പുകളും റിലീസ് ആയി. വന്‍ വിജയവുമായി. ഇനി ഇപ്പോള്‍ അതിനെ കുറിച്ച് ഒന്നും സംസാരിക്കേണ്ടതില്ല.
