രക്ഷാപ്രവർത്തനത്തിന്റെ ചില ഭാഗങ്ങൾ സിനിമാ നിര്‍മ്മാണം ലക്ഷ്യമിട്ട് തന്നെ ചിത്രീകരിച്ചതായും സൂചനയുണ്ട്.
ബാങ്കോക്ക്: ഇന്നലെ വരെ ലോകത്തെ മുൾമുനയിൽ നിർത്തിയിരുന്ന താം ലുവാങ് ഗുഹാ സങ്കേതം ഇപ്പോൾ ശാന്തമാണ്. ഗുഹക്കുള്ളിൽ നിന്ന് രക്ഷിച്ച ഫുട്ബോൾ ടീം അംഗങ്ങളുടേയും പരിശീലകന്റെയും ആരോഗ്യനില തൃപ്തികരമെന്ന് സർക്കാർ അറിയിക്കുകയും ചെയ്തു. അവസാനത്തെ രക്ഷാപ്രവർത്തകനും ഇവിടം വിട്ടുപോയി. എന്നാല് ഗുഹാ സങ്കേതത്തെ ചുറ്റിപ്പറ്റി ഇപ്പോള് നില്ക്കുന്നത് ചില ഹോളിവുഡ് സിനിമാ നിര്മ്മാതാക്കളാണ്.
17 ദിവസത്തിലധികം നീണ്ട ആശങ്കയ്ക്കും ഇതിന് ശേഷമുള്ള നാല് ദിവസത്തോളം നീണ്ട രക്ഷാ പ്രവര്ത്തനത്തിന്റെയും ദൃശ്യങ്ങള് ശ്വാസമടക്കിപ്പിടിച്ചാണ് ലോകം കണ്ടത്. ഇതൊരു സിനിമയാക്കാന് ഇനിയും വൈകിക്കൂടെന്നാണ് ഹോളിവുഡിലെ പലരുടെയും മനസിലിരിപ്പ്. രക്ഷാപ്രവർത്തനത്തിന്റെ ചില ഭാഗങ്ങൾ സിനിമാ നിര്മ്മാണം ലക്ഷ്യമിട്ട് തന്നെ ചിത്രീകരിച്ചതായും സൂചനയുണ്ട്. ഇത് സത്യമാണെങ്കിൽ അടിമുടി ആവേശം വിതറുന്ന ഒരു സാഹസിക സിനിമ ഏറെ വൈകാതെ നമുക്ക് മുന്നിലെത്തും. പ്യുവര് ഫ്ലിക്സ് ഫിലിംസ് മാനേജിങ് പാര്ട്ട്നര് മിഖായേല് സ്കോട്ടും സഹനിര്മാതാവ് ആദം സ്മിത്തും സംഭവ സ്ഥലത്തെത്തി പലരുടെയും അഭിമുഖങ്ങളും മറ്റും നടത്തുന്നുണ്ട്. ഇതും സിനിമാ നിര്മ്മാണം തന്നെ ലക്ഷ്യമിട്ടാണെന്നാണ് കരുതുന്നത്. മറ്റ് നിര്മ്മാണ കമ്പനികളൊക്കെ സ്ഥലത്തെത്തി ഇവിടുത്തെ സാധ്യതകള് ഉപയോഗപ്പെടുത്തുന്നതിന് മുന്പ് ഞങ്ങള്ക്ക് തീരുമാനം എടുത്തേ മതിയാവൂവെന്നാണ് ഇവരുടെ വാദം. ലോകത്തിന് മുഴുവന് പ്രചോദനമാകുന്ന സംഭവബഹുലമായൊരു കഥയാണിതെന്നും അവര് പറയുന്നു.
അതേസമയം ഗുഹക്കുള്ളിൽ നിന്ന് രക്ഷിച്ച ഫുട്ബോൾ ടീമംഗങ്ങളുടേയും പരിശീലകന്റേയും ആരോഗ്യനില തൃപ്തികരമെന്ന് തായ്ലന്റ് ഭരണകൂടം അറിയിച്ചു. രക്ഷാദൗത്യത്തിൽ പങ്കെടുത്ത മുങ്ങൽ വിദഗ്ധർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനങ്ങൾ ഒഴുകുകയാണ്. രക്ഷാപ്രവർത്തകരുടെ ഒരുമയാണ് ദൗത്യം വിജയിപ്പിച്ചതെന്ന് സംഘത്തെ ഏകോപിപ്പിച്ച ഗവർണർ നാരോംഗ്സാക്ക് വ്യക്തമാക്കി. ജൂണ് 23-നാണ് 16 വയസില് താഴെയുള്ളവരുടെ ഫുട്ബോള് ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര് കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്ന്ന് ഗുഹയില് കുടുങ്ങിയത്.
