കൊച്ചി: മലയാളത്തിലെ പ്രണയചിത്രങ്ങളില്‍ ഇന്നും സംസാരമായ ഒരു ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. സുരേഷ് ഗോപി മഞ്ജുവാര്യര്‍ എന്നിവര്‍ നായിക നായകന്മാരായി എത്തിയ ചിത്രത്തില്‍ മികച്ച സഹതാരമാണ് ജയറാം അവതരിപ്പിക്കുന്നത്. ജയറാമിന്‍റെയും കലാഭവന്‍ മണിയുടെ കോമഡികളും ചിത്രത്തെ ഹൃദ്യമാക്കിയപ്പോള്‍ മോഹന്‍ലാലിന്‍റെ അപ്രതീക്ഷിത ഗസ്റ്റ്റോള്‍ ചിത്രത്തിന് നല്‍കിയത് ഒരു ബോണസ് കാഴ്ചയാണ്.

എന്നാല്‍ സമ്മര്‍ ഇന്‍ ബത്‌ലഹേം കണ്ടവര്‍ ഇന്നും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ജയറാമിന് പൂച്ചയെ അയച്ച ആ രഹസ്യ കാമുകിയാരാണ്? അത് ആരാണെന്ന് കണ്ടുപിടിക്കാനുള്ള ബാധ്യത കാഴ്ചക്കാരന് വിട്ട് നല്‍കിയാണ് ആ ചിത്രം അവസാനിക്കുന്നത്. എന്നാല്‍ പ്രേക്ഷകരെയെല്ലാം വേട്ടയാടിയ ചോദ്യത്തിന് 18 വര്‍ഷങ്ങള്‍ക്കു ശേഷം സമ്മര്‍ ഇന്‍ ബത്‌ലഹേം സംവിധായകന്‍ സിബി മലയില്‍ മറുപടി പറയുന്നു. 

ചിത്രത്തിന്‍റെ ആദ്യ ഭാഗത്തും അവസാന ഭാഗത്തും പൂച്ചയെ കാണിക്കുന്ന കാമുകിയെ ജയറാമിന് സാധിക്കുന്നില്ല. അത് ആരാണെന്ന് പറയാമോ എന്ന് ഒരു ആരാധകന്‍ ചോദിച്ചപ്പോഴാണ് സിബി മലയില്‍ മനസ്സു തുറന്നത്. 

'സത്യത്തില്‍ അതാരാണെന്ന് എനിക്കും അറിയില്ല, തിരക്കഥാകൃത്തായ രഞ്ജിത്ത് അത് പറഞ്ഞിട്ടില്ലെന്നായിരുന്നു' സിബിയുടെ മറുപടി. 1998ലാണ് സമ്മര്‍ ഇന്‍ ബത്ലഹേം റിലീസ് ചെയ്തത്.