ദില്ലി: ആരാധകനെ ‌ഞെട്ടിച്ച്‌ യുവ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്. കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു കളഞ്ഞ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അതിന് പണമില്ലെന്ന് പരിതപിച്ച ആരാധകനെയാണ് സുശാന്ത് ഞെട്ടിച്ചിരിക്കുന്നത്. സുബ്രഹ്മണ്യന്‍ എന്ന യുവാവാണ് തന്റെ അവസ്ഥ സുശാന്ത് സിംഗിനെ ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ അതിന് സുശാന്ത് നല്‍കിയ മറുപടിയാണ് സുബ്രഹ്മണ്യനെ ഞെട്ടിച്ചത്. സുശാന്തിന്റെ മറുപടി ഇങ്ങനെയായിരുന്നു:

'‍ഞാൻ നിങ്ങൾക്ക് ഒരു കോടി രൂപ സംഭാവന നൽകും. ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങള്‍ എന്നെ അറിയിക്കണം.'

ഇതിന്  തൊട്ടു പിന്നാലെ  സുശാന്ത് പണം സുബ്രഹ്മണ്യന്റെ പേരില്‍ നിക്ഷേപിക്കുകയും ചെയ്തു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി മാറ്റിയ ശേഷം പണം നല്‍കിയ അക്കൗണ്ട് വിവരങ്ങള്‍ അടക്കം സുശാന്തിന് സ്ക്രീന്‍ ഷോട്ട് അയയ്ക്കുകയും ചെയ്തു.