ചെന്നൈ: ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായി മാറിയ ബാഹുബലിയുടെ ഒന്നാം ഭാഗത്തില്‍ നിറഞ്ഞ് നിന്ന നായികയായിരുന്നു തമന്ന. പ്രഭാസിനൊപ്പമുള്ള പ്രണയ ഗാനവും കോമ്പിനേഷനുമായി നിറഞ്ഞ് നിന്ന് തമന്ന പ്രേക്ഷക പ്രീതിയും നേടി. എന്നാല്‍ രണ്ടാം ഭാഗത്തില്‍ തമന്നയ്ക്ക് കാര്യമായ പ്രാധാന്യം ലഭിച്ചില്ല. അനുഷ്‌കയും പ്രഭാസുമായിരുന്നു പ്രധാന താരങ്ങളായത്.

ബാഹുബലി ചിത്രത്തില്‍ ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് നിരവധി അവസരങ്ങളെത്തിയപ്പോള്‍ തമന്നയ്ക്ക് നിര്‍ഭാഗ്യമാണ്. ഇപ്പോഴിതാ തമന്നയെ കരാര്‍ ചെയ്തിരുന്ന പുതിയ തമിഴ് ചിത്രത്തില്‍ നിന്നും ഗ്ലാമര്‍ ഗേളിനെ ഒഴിവാക്കിയാതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

സൂപ്പര്‍ ഹിറ്റായി മാറിയ ബോലിവുഡ് ചിത്രം ക്വീന്‍ ദക്ഷിണേന്ത്യന്‍ ഭാഷകളിലക്കേ് റീമേക്ക് ചെയ്യുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. തമിഴ് റീമേക്കില്‍ ആദ്യം നായികയായി തീരുമാനിച്ചത് തമന്നയെയായിരുന്നു.

തമന്നയെ ചിത്രത്തില്‍ നിന്നും മാറ്റിയ സാഹചര്യത്തില്‍ പകരക്കാരിയായി എത്തുന്നത് കാജല്‍ അഗര്‍വാളാണ്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത് മഗധീര എന്ന ചിത്രത്തില്‍ കാജല്‍ ആയിരുന്നു നായിക. ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടില്ലെങ്കിലും കാജല്‍ സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ തമിഴ് പതിപ്പ് ആദ്യം സംവിധാനം ചെയ്യാനിരുന്നത്. നടിയും സംവിധായികയുമായ രേവതിയായിരുന്നു. എന്നാല്‍ പിന്നീട് മാറുകയും ചിത്രത്തിന്റെ സംവിധാനം ഉത്തമ വില്ലന്‍ ഫെയിം രമേഷ് അരവിന്ദിനെ ഏല്‍പിക്കുകയും ചെയ്തു. തെലുങ്ക്, കന്നട ചിത്രങ്ങളും രമേഷ് തന്നെയാണ് സംവിധാനം ചെയ്യുന്നത്.

തമിഴ് ചിത്രത്തിന്‍റെ സംവിധാനത്തില്‍ നിന്ന് പിന്മാറിയ രേവതി ചിത്രം മലയാളത്തില്‍ സംവിധാനം ചെയ്യും. അമല പോളാണ് മലയാളത്തില്‍ നായികയായി എത്തുന്നത്. നാല് ഭാഷകളിലും ക്വീനില്‍ പ്രധാന ലിസ ഹൈഡന്‍ അവതരിപ്പിച്ച പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എമി ജാക്‌സനാണ്.