ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം അടുത്ത വർഷത്തെ ദേശീയ അവാർഡുകൾ നേടുമെന്ന് സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാർ പ്രവചിക്കുന്നു.
ലക്കി ഭാസ്‍കറിനു ശേഷം തെലുങ്കില്‍ ദുല്‍ഖര്‍ നായകനാകുന്ന സിനിമയാണ് ആകാശംലോ ഒക താര. പവൻ സദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി ജി.വി പ്രകാശ് കുമാറാണ് സംഗീതമൊരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ജി.വി പ്രകാശ് കുമാർ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ദുൽഖർ നായകനായി എത്തുന്ന ചിത്രം അടുത്ത വര്ഷം എല്ലാ ദേശീയ അവാർഡുകളും നേടുമെന്നാണ് ജി.വി പ്രകാശ് കുമാർ പറയുന്നത്. സൂര്യ നായകാനായി എത്തുന്ന വെങ്കി അറ്റ്ലൂരി ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ജി.വി പ്രകാശ് കുമാർ പങ്കുവച്ചു.
"സൂര്യ-വെങ്കി അറ്റ്ലൂരി ചിത്രം ഒരു ഫാമിലി എന്റർടൈനർ ആണ്. ആ സിനിമ നന്നായി തന്നെ വന്നിട്ടുണ്ട്. അല്ലു അർജുൻ ചിത്രം 'അല വൈകുണ്ഠപുരമുലൂ' പോലെയുള്ള ഒരു സിനിമയാകും അത്. ദുൽഖറിനൊപ്പം 'ആകാശംലോ ഒക താര' എന്ന സിനിമയും ഞാൻ ചെയ്യുന്നുണ്ട്. അടുത്ത വർഷത്തെ എല്ലാ നാഷണൽ അവാർഡും നേടാൻ പോകുന്ന സിനിമയാകും ആകാശംലോ ഒക താര". ജി.വി പ്രകാശ് കുമാർ പറഞ്ഞു.
ഗീത ആര്‍ട്‍സ്, സ്വപ്‍ന സിനിമ എന്നീ ബാനറുകളിലാണ് ആകാശംലോ ഒക താര നിർമ്മിക്കുന്നത്. സുജിത് സാരംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അതേസമയം മലയാളത്തിൽ ഒരിടവേളയ്ക്ക് ശേഷം ദുൽഖർ നായകനായി എത്തുന്ന ചിത്രമാണ് ഐ ആം ഗെയിം. ആർഡിഎക്സ് എന്ന ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്.ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന് സംഘട്ടന സംവിധാനം നിർവഹിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്സ് ആണ്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ബിഗ് ബജറ്റ് ചിത്രമായാണ് ഐ ആം ഗെയിം ഒരുങ്ങുന്നത്.



