നടി മഞ്ജു പിള്ളയും മകൾ ദയ സുജിത്തും യൂട്യൂബ് വീഡിയോയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
കുടുംബപ്രേക്ഷകർക്കും സിനിമാപ്രേമികൾക്കും ഒന്നടങ്കം പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. ക്യാമറാമാൻ സുജിത്ത് വാസുദേവിനെയാണ് മഞ്ജു പിള്ള വിവാഹം ചെയ്തത്. അടുത്തിടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞിരുന്നു. ഇവരുടെ മകൾ ദയ സുജിത്തും സമൂഹമാധ്യമങ്ങളിൽ വൈറലായ താരമാണ്. ഇറ്റലിയിൽ നിന്നും ഫാഷൻ ഡിസൈനിംഗ് പഠനം പൂർത്തിയാക്കി അടുത്തിടെയാണ് ദയ നാട്ടിലെത്തിയത്. ഇപ്പോൾ യൂട്യൂബ് ചാനലുമായും ദയ സോഷ്യലിടത്ത് സജീവമാണ്. പുതിയ വീഡിയോയിൽ അമ്മയ്‌ക്കൊപ്പം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ദയ. കുട്ടിയുടെ കല്യാണ കാര്യങ്ങളെ കുറിച്ച് മിണ്ടിപ്പോകരുത്. ആദ്യം അവൾ ഒരു ജോലി വാങ്ങട്ടെ, എന്നിട്ട് കല്യാണം ഒക്കെ ആലോചിക്കാം എന്നായിരുന്നു ദയയുടെ വിവാഹക്കാര്യത്തെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് മഞ്ജു പിള്ളയുടെ മറുപടി.
'മഞ്ജു ചേച്ചിയെ ഒന്ന് കാണാൻ പറ്റുമോ?' എന്ന ചോദ്യത്തിന് ''മഞ്ജു ചേച്ചിയെ എനിക്ക് പോലും കാണാൻ കിട്ടുന്നില്ല. മാസത്തിൽ രണ്ടു തവണയൊക്കെ ആണ് ഞാൻ തന്നെ കാണുന്നത്. അമ്മയ്ക്ക് നല്ല തിരക്ക് ആണെങ്കിലും എനിക്ക് കുറച്ച് റീച്ച് കിട്ടിക്കോട്ടെ എന്ന് കരുതിയാണ് ഈ വീഡിയോ എടുക്കുന്നത്'', എന്നാണ് ദയ ഉത്തരം നൽകുന്നത്.
പ്രാർത്ഥിച്ച് കിട്ടിയ കുട്ടിയാണ് ദയയെന്നും മഞ്ജു പിള്ള വീഡിയോയിൽ പറയുന്നുണ്ട്. ''എനിക്ക് പെൺകുഞ്ഞുങ്ങളെ ആണ് കൂടുതൽ ഇഷ്ടം. ഞാൻ ഡെലിവറി സമയത്ത് പ്രാർത്ഥിച്ചിരുന്നത് പെൺകുട്ടി ആയിരിക്കണേ എന്നാണ്. അങ്ങനെ പ്രാർത്ഥിച്ച് കിട്ടിയ സന്താനമാണിത്. എന്തുകൊണ്ടാണ് എന്നറിയില്ല സിനിമയിൽ എനിക്ക് കിട്ടിയത് മുഴുവൻ ആൺകുട്ടികളെ ആണ്. ആൺകുട്ടികൾ ആണ് എനിക്ക് കൂടുതൽ ക്ളോസ്. വളരെ ക്ളോസ് ആയിട്ടുള്ള ഒരുപാട് കുട്ടികൾ ഉണ്ട്'', എന്നും മഞ്ജു പിള്ള കൂട്ടിച്ചേർത്തു.



