ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ദ ആക്സിഡന്റ് പ്രൈം മിനിസ്റ്റര്‍. ചിത്രത്തില്‍ മൻമോഹൻ സിംഗിനെ അവതരിപ്പിക്കുന്നത് അനുപം ഖേര്‍ ആണ്. ചിത്രം നിരോധിക്കണമെന്ന് ആവശ്യവുമുയര്‍ന്നിരുന്നു. ഇപ്പോഴിതാ അനുപം ഖേറിനെതിരെ ഒരു പരാതി രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്‍തിരിക്കുകയാണ്. സുധീര്‍ കുമാര്‍ ഓജ എന്ന വക്കീലാണ് അനുപം ഖേറിനും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും എതിരെ പരാതി നല്‍കിയിരിക്കുന്നത്.

മുസാഫര്‍പുര്‍ സിജിഎം കോടതിയിലാണ് അനുപം ഖേറിനെതിരെ കേസ് നല്‍കിയിരിക്കുന്നത്. എട്ടിന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി വാദം കേള്‍ക്കും. പ്രധാനമന്ത്രിയായി അഭിനയിക്കുന്ന അനുപം ഖേറിനും ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവായി അഭിനയിക്കുന്ന അക്ഷയ് ഖന്നയ്‍ക്കും സോണിയാ ഗാന്ധിയായി അഭിനയിക്കുന്ന ജര്‍മൻ നടി സുസൻ ബെര്‍‌നെര്‍ടിനും മറ്റ് അഭിനേതാക്കള്‍ക്കെതിരെയുമാണ് കേസ്. സംവിധായകനും നിര്‍മ്മതാവിനുമെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ ഡോ. മൻമോഹൻ സിംഗിന്റെ ഉള്‍പ്പെടെയുള്ളവരുടെ പ്രതിശ്ചായ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്‍‌തകത്തെ ആസ്‍പദമാക്കിയാണ് സിനിമ.  വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.