ദില്ലി: ഏറ്റവും വേഗത്തില്‍ 20 കോടി നേടുന്ന ചിത്രമെന്ന റെക്കോര്‍ഡുമായി 'ദ ഗ്രേറ്റ് ഫാദര്‍'. റിലീസ് ചെയ്ത് നാലു ദിവസത്തിനുള്ളില്‍ ചിത്രം നേടിയ കളക്ഷന്‍ മമ്മൂട്ടി തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തി. ഗ്രേറ്റ് ഫാദര്‍ വന്‍ കളക്ഷന്‍ നേടി മുന്നേറുന്നെന്ന വാര്‍ത്ത തെറ്റാണെന്ന് ഹേറ്റേഴ്‌സ് വാദിക്കുന്നതിനിടെയാണ് യഥാര്‍ത്ഥ കളക്ഷന്‍ വ്യക്തമാക്കി മമ്മൂക്ക തന്നെ രംഗത്തെത്തിയത്. 

ഏറ്റവും വേഗത്തില്‍ 20 കോടി നേടുന്ന ചിത്രമായി ഗ്രേറ്റ് ഫാദര്‍ മാറിയിരിക്കുന്നു. ആറു കോടി ബജറ്റില്‍ ഇറങ്ങിയ ഒരു നവാഗതന്‍റെ ചിത്രം ഇത്രയും കളക്ഷന്‍ നേടുന്നത് വലിയ നേട്ടം ആണ്. മലയാള പ്രേക്ഷകരുടെ വലിപ്പവും ശക്തിയുമാണ് ഈ വിജയം തുറന്നു കാണിക്കുന്നത്. മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ വളര്‍ച്ച ഇനിയും മഹനീയമായി തുടരട്ടെ എന്നു പ്രതീക്ഷിക്കുന്നു. ഒരുപാട് നല്ലതും ബോള്‍ഡായതുമായ ചിത്രങ്ങള്‍ ഉണ്ടാക്കാനും നമ്മുക്ക് സാധിക്കട്ടെയെന്ന് മമ്മൂട്ടി കുറിച്ചു. 

പുലിമുരുകന്റെ റെക്കോര്‍ഡാണ് ഗ്രേറ്റ് ഫാദര്‍ തകര്‍ത്തത്. അതിനു മുന്‍പ് ഏറ്റവും പണം നേടിയത് കബാലി ആയിരുന്നു. 858 തീയറ്ററുകളിലായിരുന്നു പുലിമുരുകന്‍ റിലീസ് ചെയ്തത്. 200 തീയറ്ററുകളിലാണ് ഗ്രേറ്റ് ഫാദര്‍ പ്രദര്‍ശനം. എന്നാല്‍ മമ്മൂട്ടിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ഫാന്‍സുമാര്‍ തമ്മില്‍ ശക്തമായ വാഗ്വാദങ്ങളാണ് നടക്കുന്നത്.