കനലാടികളുടെ പുറപ്പാടുമായി തീപ്പാതി

കാലടി ശ്രീ ശങ്കരാ കോളേജിലെ കലാ സംസ്‍കാരിക ഗവേഷണ സംഘടനയായ റിനൈസൻസിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ഡോക്യുഫിക്ഷൻ തീപ്പാതിയുടെ ആദ്യ പ്രദര്‍ശനം നടന്നു. ഡോക്യുഫിക്ഷന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ റിലീസ് ചെയ്‍തിരുന്നു. ശങ്കര കോളേജിലെ ബിഎസ്‍സി ബയോടെക്നോളജി അവസാന വര്‍ഷ വിദ്യാര്‍ഥഥി മനീഷ മാധവനാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ഒരു വര്‍ഷത്തെ തെയ്യക്കാലങ്ങളിലായിരുന്നു തീപ്പാതിയുടെ ചിത്രീകരണകാലം. പത്ത് തെയ്യങ്ങളുടെയും തെയ്യം കലാകാരൻമാരുടെയും അരങ്ങും അണിയറയുമാണ് ഡോക്യുഫിക്ഷനിലെ പ്രതിപാദ്യം. അനുഷ്‍ഠാന കലയായ തെയ്യങ്ങളെ കുറിച്ചുള്ള പഠനമാണ് ചിത്രം. തുലാം പത്തിനു തുടങ്ങുന്ന തെയ്യക്കാലത്തിന്റെ പിറവിയോടു കൂടിയാണ് ചിത്രീകരണം ആരംഭിച്ചത്. നീണ്ട നാളത്തെ ഗവേഷണത്തിന് ശേഷമൊരുക്കിയ ഡോക്യുഫിക്ഷനില്‍ തെയ്യങ്ങളെ കുറിച്ചുള്ള സമഗ്രചിത്രം വ്യക്തമാകുന്നു. കാഞ്ഞങ്ങാട്, കാസര്‍ഗോഡ്, പയ്യന്നൂര്‍ മേഖലകളിലായിരുന്നു പ്രധാന ലൊക്കേഷൻ.