സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ടോ എന്നറിയില്ല. വഴങ്ങേണ്ട എന്നൊരു സ്ത്രീ തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണത്

മലയാള സിനിമയില്‍ അടിച്ചമര്‍ത്തലുകള്‍ ഉള്ളതായി കരുതിന്നില്ലെന്ന് യുവനടന്‍ ടൊവിനോ തോമസ്. അങ്ങനെയൊരു സാഹചര്യത്തില്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മാത്രമായി ഒരു കൂട്ടായ്മയുടെ ആവശ്യമെന്താണെന്നും ടൊവിനോ ചോദിച്ചു.

സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ടോ എന്നറിയില്ല. അതെന്തായാലും വഴങ്ങേണ്ട എന്നൊരു സ്ത്രീ തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണത്. താല്‍പര്യമില്ല താന്‍ പോടോ എന്നു പെണ്ണ് പറഞ്ഞാല്‍ അതിനപ്പുറം പോയി എന്തെങ്കിലും ചെയ്യാന്‍ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ല. ഒരു മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ക്കാര്യങ്ങള്‍ പറഞ്ഞത്. 

ആരു വിലക്കിയാലും എന്റെ കഥപാത്രത്തിന് വേണ്ടയാളെ ഞാന്‍ കാസ്റ്റ് ചെയ്യുമെന്ന് പറയാന്‍ നട്ടെല്ലുള്ള സംവിധായകരും അവരെ പിന്തുണയ്ക്കുന്ന നിര്‍മ്മാതാക്കളും ഇവിടെയുണ്ട്. പിന്നെന്തിനാണ് നിലവാരമില്ലാത്ത സംവിധായകരുടെ അടുത്ത് അവസരം തേടി പോകുന്നതെന്നും ടൊവിനോ ചോദിക്കുന്നു. 

സ്ത്രീകള്‍ മാത്രമാണ് ചൂഷണത്തിന് ഇരയാവുന്നതെന്ന് കരുതരുതെന്നും പുരുഷന്‍മാര്‍ക്ക് നേരേയും ചൂഷണമുണ്ടെന്നും ടൊവിനോ അഭിമുഖത്തില്‍ പറയുന്നു. സിനിമയില്‍ സാമ്പത്തിക ചൂഷണത്തിന് ഇരയായ ആളാണാ താന്‍. രണ്ട് ലക്ഷം രൂപ തന്നാല്‍ റോള്‍ തരാം എന്നൊരു വാഗ്ദാനം തനിക്ക് ഒരാള്‍ തന്നിരുന്നു. എന്നാല്‍ പണം കൊടുക്കത്തതിനാല്‍ മാത്രം ആ റോള്‍ തനിക്ക് നഷ്ടപ്പെട്ടു. പക്ഷേ പിന്നീട് നൂറ് അവസരങ്ങള്‍ തന്നെ തേടി വന്നു. ഇത്തരം തട്ടിപ്പുകളെ കാസ്റ്റിംഗ് പേയ്‌മെന്റ് എന്നാണോ വിളിക്കേണ്ടതെന്നും ടൊവിനോ ചോദിക്കുന്നു. 

മായാനദി എന്ന ചിത്രത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സെക്‌സ് ഇസ് നോട്ട് എ പ്രോമിസ് എന്ന സംഭാഷണത്തെക്കുറിച്ചും അഭിമുഖത്തില്‍ ടൊവിനോ വാചാലനായി. സെക്‌സ് ഒരിക്കലും ഒരു പ്രോമിസല്ല എന്നാല്‍ അതൊരു തീയറിയായിട്ടേ പറയാന്‍ പറ്റൂ. യഥാര്‍ത്ഥ ജീവിതത്തില്‍ ഈ ഡയലോഗ് ഒരു പെണ്ണ് പറഞ്ഞാല്‍ അത്ര കുഴപ്പമില്ല എന്നാല്‍ ഒരു ആണ് പെണ്ണിനോടങ്ങനെ പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ. പ്രണയത്തില്‍ സത്യവും വിശ്വാസവുമെല്ലാം ഇന്നും ഉണ്ട് ടൊവിനോ പറയുന്നു.