ഗോവയിൽ നടന്ന 56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ടൊവിനോ തോമസിന്റെ 'എആർഎം' മികച്ച പ്രശംസ നേടി. ഇന്ത്യൻ പനോരമയിലെ നവാഗത സംവിധായക മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ഏക മലയാള ചിത്രമായിരുന്നു ഇത്.

ഗോവയിൽ നടക്കുന്ന 56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പ്രശംസ നേടി ടൊവിനോ തോമസ്- ജിതിൻ ലാൽ ചിത്രം എആർഎം. ഇൻഡ്യൻ പനോരമ വിഭാഗത്തിൽ, നവാഗത സംവിധായകനുള്ള ഫീച്ചർ ഫിലിം മത്സര വിഭാഗത്തിൽ ആണ് ചിത്രം ഇന്ന് പ്രദർശിപ്പിച്ചത്. ഈ വിഭാഗത്തിൽ മത്സരിക്കാൻ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സിനിമകളുടെ കൂട്ടത്തിൽ ഇടം പിടിച്ച ഒരേയൊരു മലയാള ചിത്രമായിരുന്നു എആർഎം.

മേളയിലെ പ്രദർശനത്തിന് ശേഷം ഗംഭീര കയ്യടിയാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. നിറഞ്ഞ സദസ്സിൽ വമ്പൻ പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത് എന്നതും ശ്രദ്ധേയമായി. ചിത്രത്തിന്റെ പ്രദർശനം പ്രേക്ഷകർക്കൊപ്പം കാണാനായി നായകനായ ടോവിനോ തോമസ് ഉൾപ്പെടെയുള്ളവർ ഗോവയിൽ എത്തിയിരുന്നു.

2024 ഓണം റിലീസായി തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഈ ഫാന്റസി അഡ്വെഞ്ചർ ത്രില്ലർ ചിത്രം, വലിയ പ്രേക്ഷക നിരൂപക പ്രശംസ നേടി ബോക്സ് ഓഫീസിലും ബ്ലോക്ക്ബസ്റ്റർ വിജയം നേടിയിരുന്നു. 2024 ലെ മികച്ച സിനിമകൾക്കായുള്ള കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിലും മൂന്നു അവാർഡുകളുമായി ചിത്രം തിളങ്ങിയിരുന്നു. ചിത്രത്തിലെ വിഎഫ്എക്സ് മികവിന് സംവിധായകൻ കൂടിയായ ജിതിൻ ലാൽ, ആൽഫ്രഡ്‌ ടോമി, അനിരുദ്ധ് മുഖർജി, സലിം ലാഹിരി എന്നിവർ പുരസ്‍കാരം നേടിയപ്പോൾ, ചിത്രത്തിലെ നായകനായ ടൊവിനോ തോമസ് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കി. ഇതിലെ "കിളിയെ" എന്ന ഗാനം ആലപിച്ച കെ എസ് ഹരിശങ്കറിന്‌ മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കാനായി.

മൂന്നു വ്യത്യസ്ത കഥാപാത്രങ്ങളായി ഈ ചിത്രത്തിൽ വേഷമിട്ട ടൊവിനോ തോമസ് ഒരു നടൻ എന്ന നിലയിലും താരമെന്ന നിലയിലും തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇതിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. നൂറു കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം നിർമ്മിച്ചത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, യു ജി എം എന്റർടൈൻമെന്റ് എന്ന ബാനറിൽ സക്കറിയ തോമസ് എന്നിവർ ചേർന്നാണ്. സുജിത് നമ്പ്യാർ രചിച്ച ഈ ചിത്രത്തിൽ കൃതി ഷെട്ടി, ഹാരിഷ് ഉത്തമൻ, ബേസിൽ ജോസഫ്, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, അജു വർഗീസ്, ജഗദീഷ് എന്നിവരും വേഷമിട്ടിട്ടുണ്ട്. പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്