മമ്മൂട്ടി ചിത്രം 'ഒരു കുട്ടനാടൻ ബ്ലോഗി'ൽ ഗായകനായി ഉണ്ണി മുകുന്ദൻ എത്തുന്നു.നവാഗത സംഗീത സംവിധായകൻ ശ്രീനാഥാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
മമ്മൂട്ടി ചിത്രം 'ഒരു കുട്ടനാടൻ ബ്ലോഗി'ൽ ഗായകനായി ഉണ്ണി മുകുന്ദൻ എത്തുന്നു. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദനാണ്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചത്. നവാഗത സംഗീത സംവിധായകൻ ശ്രീനാഥാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ പോസ്റ്റിന്റെ പൂർണ രൂപം;
'ഒരു കുട്ടനാടൻ ബ്ലോഗി'ൽ ക്യാമറയ്ക്ക് പിറകിൽനിന്ന് വളരെ താത്പര്യത്തോടെ ഒരു വേഷം ചെയ്യുകയാണ് ഞാൻ. ഗായകന്റെതാണ് വേഷം. ഒഴിവാക്കാൻ കഴിയാത്ത മറ്റു ചില പ്രോജക്ടുകൾ ഏറ്റെടുത്തതുകൊണ്ട് പ്രിയ സഹോദരൻ സേതുവിന്റെ ചിത്രത്തിന്റെ ഭാഗമാകാൻ സാധിക്കാത്തത് എന്നെ സംബന്ധിച്ചിടത്തോളം വളരെ നിരാശയാണ്. എന്നാൽ ഇപ്പോൾ കിട്ടിയ ഈ അവസരം എല്ലാ നിരാശയും ഇല്ലാതാക്കുന്നതാണ്.
ഈ സിനിമയുടെ ആത്മാവായ ഗാനത്തിനു ശബ്ദം നൽകാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഞാൻ ഇത്രയും കാലം നടത്തിയ സംഗീത പരീക്ഷണങ്ങളിൽനിന്നും വ്യത്യസ്ഥമായ ഗാനമാണ് ആലപിച്ചിരിക്കുന്നത്. ഞാൻ ഒരുപാട് സ്നേഹിക്കുന്ന പ്രിയപ്പെട്ട രണ്ട് പേർക്കും എന്റെ എല്ലാവിധ സ്നേഹവും പ്രാർത്ഥനയും.
മമ്മൂക്കയ്ക്കും സേതു ചേട്ടനും ഒന്നിക്കുന്ന ചിത്രം പുറത്തിറങ്ങുന്നതിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. പിന്നണി ഗായകരുടെ ലിസ്റ്റിൽ എന്റെ പേര് കാണുന്നതിന് എനിക്കിനിയും കാത്തിരിക്കാൻ വയ്യ. മികച്ച ഗായകർക്കൊപ്പം പാടുന്നതിൽ തീർച്ചയായും ആകാംഷയുണ്ട്. ഈ ഗാനം പ്രേക്ഷകർ സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
