അച്ചായന്‍സ് എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പാടിയ പാട്ട് യൂട്യൂബില്‍ കണ്ടവരുടെ എണ്ണം 5 ലക്ഷം പിന്നിട്ടു. രതീഷ് വേഗയുടെ ഈണത്തില്‍ ഉണ്ണി മുകുന്ദനും രതീഷ് വേഗയും ചേര്‍ന്നെഴുതിയ 'നിനവറിയാതെ...' എന്ന പാട്ടാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്തും ലൈക്ക് ചെയ്തും വളരെ വേഗത്തില്‍ ഹിറ്റാകുന്നത്.

അച്ചായന്‍സിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം നടന്ന പാര്‍ട്ടിയില്‍ ഉണ്ണിയുടെ പാട്ട് കേട്ട ചിത്രത്തിന്റെ നിര്‍മാതാവ് സി കെ പത്മകുമാറും സംവിധായകന്‍ കണ്ണന്‍ താമരക്കുളവും സംഗീത സംവിധായകന്‍ രതീഷ് വേഗയുമെല്ലാം ഉണ്ണിയോട് ചിത്രത്തിലൊരു പാട്ടുപാടാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഉണ്ണി മുകുന്ദന്‍ പിന്നണി ഗായകനായത്. ചിത്രത്തില്‍ ശിവദയ്‌ക്കൊപ്പം ഉണ്ണി തന്നെ അഭിനയിക്കുന്ന സീനിലാണ് ഉണ്ണി പാടിയ പാട്ടു വരുന്നത്.

ഇതു കൂടാതെ നജീം അര്‍ഷാദും റിമി ടോമിയും ചേര്‍ന്ന് പാടിയ മറ്റൊരു ഗാനവും ചിത്രത്തിലുണ്ട്. കൈതപ്രം ദാമോധരന്‍ നമ്പൂതിരിയാണ് ഈ ഗാനം രചിച്ചത്. ഏപ്രില്‍ രണ്ടിന് അങ്കമാലി ആഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ ഓഡിയോ റിലീസ് മോഹന്‍ലാലാണ് നിര്‍വഹിച്ചത്.

സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്ത് സേതുവിന്റേതാണ് അച്ചായന്‍സിന്റെ തിരക്കഥ. ടോണി വാവച്ചന്‍ എന്ന അച്ചായന്‍ കഥാപാത്രത്തിലെത്തുന്ന ഉണ്ണിയെ കൂടാതെ ജയറാം, പ്രകാശ് രാജ്, അമലാ പോള്‍, ശിവദ തുടങ്ങി വന്‍ താരനിരയുണ്ട് അച്ചായന്‍സില്‍.