കോട്ടയം: സംവിധായകന്‍ രഞ്ജിത്ത് അസഹിഷ്ണുവാണെന്ന് തിരക്കഥാകൃത്തും എഴുത്തുകാരനുമായ ഉണ്ണി ആര്‍. തന്‍റെ കഥയായ ലീലയുടെ സംവിധായകന്‍ രഞ്ജിത്തിന്‍റെ ചില നിലപാടുകളോട് തനിക്ക് യോജിക്കാന്‍ കഴിയുന്നതാല്ലെന്ന് ഉണ്ണി.ആര്‍ പച്ചക്കുതിര എന്ന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. രഞ്ജിത്തിന്‍റെ സിനിമകളില്‍ ആണത്തപ്രഘോഷണമുണ്ടെങ്കില്‍ അത് വിമര്‍ശിക്കപ്പെടണമെന്നും ഉണ്ണി ആര്‍ വ്യക്തമാക്കി.
“ലീല” എന്ന സിനിമയല്ല കഥതന്നെയാണ് ഇഷ്ടം എന്ന് സൂചിപ്പിച്ച ഉണ്ണി ആര്‍, ലീല എന്ന സിനിമ മുന്‍വിധിയോടെ കാണേണ്ട ഒന്നല്ലെന്നും പറഞ്ഞു. ലീല എന്ന സിനിമയില്‍ രഞ്ജിത് രാവണപ്രഭുവിനെ ഉണ്ണി ആറിന്‍റെ കുട്ടിയപ്പനാക്കി അവതരിപ്പിച്ചു എന്ന വിമര്‍ശനമാണ് ആസ്വാദകര്‍ ഉന്നയിക്കുന്നത് എന്ന് ഓര്‍മ്മിപ്പിച്ചപ്പോള്‍ അതിനുത്തരം പറയേണ്ടത് താനല്ലെന്നും അതിന്‍റെ സംവിധായകനായ രഞ്ജിത്താണെന്ന് ഉണ്ണി ആര്‍ പറയുന്നു.
തന്‍റെ സിനിമകളെ വിമര്‍ശിച്ചുകൊണ്ട് പത്രത്തില്‍ വന്ന ലേഖനത്തോട് രഞ്ജിത്ത് എങ്ങനെ പ്രതികരിക്കുന്നു എന്നത് അദ്ദേഹത്തിന്‍റെ നൈതികതയുമായി ബന്ധപ്പെടുത്തിയാണ് കാണേണ്ടത്. വിമര്‍ശനത്തോടുള്ള അസഹിഷ്ണുതയാണ് പലപ്പോഴും നമ്മുടെ വാക്കുകള്‍ കൈവിട്ടുപോകുന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം അസഹിഷ്ണുതനിറഞ്ഞ പ്രതികരണങ്ങള്‍ നടത്തുന്നവര്‍ ജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യരാകുമെന്നും അവര്‍ നമ്മളെ സംസ്‌കാരശൂന്യരെന്ന് വിളിക്കുമെന്നും ഉണ്ണി ആര്‍ സൂചിപ്പിച്ചു.
(കടപ്പാട്- പച്ചകുതിര)
