വനിതാ കൂട്ടായ്മയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളുള്ളവരുണ്ട്

തിരുവനന്തപുരം: മലയാള സിനിമയിലെ വനിതാകൂട്ടായ്മയില്‍ നിന്ന് മഞ്ജു വാര്യര്‍ രാജിവെച്ചന്ന അഭ്യൂഹത്തിന് മറുപടിയുമായി ഡബ്ല്യുസിസി അംഗം വിധു വിന്‍സെന്‍റ്. മഞ്ജു ഡബ്ല്യുസിസിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ വനിതാ കൂട്ടായ്മയോടാണ് ആദ്യം പ്രതികരിക്കേണ്ടത്. എന്നാല്‍ രാജി അറിയിച്ചുകൊണ്ടുള്ള മഞ്ജുവിന്‍റെ മെയില്‍ ഇതുവരെ ഡബ്ല്യുസിസിക്ക് ലഭിച്ചിട്ടില്ല. മഞ്ജുവിന്‍റെ വിശദീകരണത്തിനായി തങ്ങളും കാത്തിരിക്കുകയാണ്. മഞ്ജുവിന് വ്യത്യസ്തമായ അഭിപ്രായമുണ്ടാകാം എന്നാല്‍ രാജിവെക്കുമെന്ന് കരുതുന്നില്ല. മഞ്ജു രാജിവെക്കുകയാണെങ്കില്‍ അത് മറച്ചുവെക്കേണ്ട കാര്യമില്ലെന്നും എല്ലാവരെയും അറിയിക്കുമെന്നും വിധു പറഞ്ഞു. 

വനിതാ കൂട്ടായ്മയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളുള്ളവരുണ്ട്. ദിലീപിനെ തിരിച്ചെടുത്തപ്പോള്‍ നാലുപേര്‍ രാജിവെച്ചു. പത്മപ്രിയ, രേവതി തുടങ്ങിയവര്‍ അമ്മയുടെ ഭാഗമായി നിന്നുകൊണ്ട് ചര്‍ച്ച ആവശ്യപ്പെട്ടു. ഇത്തരത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളില്‍ നിന്നും പുതിയ നയങ്ങള്‍ സ്വീകരിക്കാനാണ് ഡബ്ല്യുസിസി തീരുമാനിച്ചിരിക്കുന്നതെന്നും വിധു വിന്‍സെന്‍റ് വിശദീകരിച്ചു.