Asianet News MalayalamAsianet News Malayalam

ഗാനമേളയല്ല സർ സിനിമ... മലയാള സിനിമയുടെ നവതി ആഘോഷച്ചടങ്ങിനെതിരെ വിനായകൻ

  • മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനെതിരെ നടൻ വിനായകൻ
  • ഫെബ്രുവരി 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ആയിരുന്നു നവതി ആഘോഷത്തിന്‍റെ ഉദ്ഘാടനം സംഘടിപ്പിച്ചത്
vinayakan explode on kerala cinema 90th celebration
Author
First Published Mar 4, 2018, 4:07 PM IST

കൊച്ചി: മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനെതിരെ നടൻ വിനായകൻ. ഫെബ്രുവരി 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ആയിരുന്നു നവതി ആഘോഷത്തിന്‍റെ ഉദ്ഘാടനം സംഘടിപ്പിച്ചത്. ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്. എന്നാൽ ഇങ്ങനെ ഒരു പരിപാടി നടന്നതായി ചടങ്ങിന്‍റെ ബ്രോഷർ കണ്ടപ്പോൾ മാത്രമാണ് അറിഞ്ഞത്. ആ ചടങ്ങിൽ അവിടെ എന്താണ് നടന്നത് എന്ന് തനിക്കറിയില്ല. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു എന്ന് നോട്ടീസിൽ കണ്ടു. അധ്യക്ഷൻ സാംസ്കാരികമന്ത്രി എകെ ബാലനും മുഖ്യാതിഥി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ആയിരുന്നു എന്നറിഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ള ജനപ്രതിനിധികളുടേയും വേറെ പല പൗരപ്രമുഖരുടേയും പേരുമുണ്ട് നോട്ടീസിൽ. സമ്മേളനത്തിന് ശേഷം വമ്പിച്ച ഗാനമേള ഉണ്ടായിരുന്നു എന്നാണറിഞ്ഞത്. ഇങ്ങനെ ആയിരുന്നോ ഈ ചടങ്ങ് നടത്തേണ്ടത്. മലയാള സിനിമ ആ ചടങ്ങിൽ അപമാനിക്കപ്പെടുകയായിരുന്നു. വിനായകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 അക്കാദമി ചെയർമാൻ കമലിന്‍റേയും മധു സാറിനേയും ശ്രീകുമാരൻ തമ്പിയുടെയും ഒഴിച്ച് ആരുടേയും പേരുകൾ നോട്ടീസിൽ കണ്ടില്ല. തനിക്ക് മികച്ച നടനുള്ള പുരസ്കാരം കിട്ടിയതുകൊണ്ട് ചടങ്ങിലേക്ക് ക്ഷണിക്കണം എന്നല്ല പറയുന്നത്. നല്ല സിനിമയിൽ പ്രവർത്തിച്ച, നല്ല സിനിമക്കുവേണ്ടി ജീവിച്ച ഒരുപാട് പേരെ അറിയിക്കുകയെങ്കിലും ചെയ്യണമായിരുന്നു. വിളിച്ചിരുന്നെങ്കിൽ സദസിലെങ്കിലും അവർക്ക് ചെന്നിരിക്കാമായിരുന്നല്ലോ. 90 വർഷത്തെ മലയാള സിനിമാ ചരിത്രത്തെ ഇത്ര ചെറുതാക്കി അപഹാസ്യമാക്കരുതായിരുന്നു. ഇന്ത്യൻ സിനിമക്ക് അഭിമാനമായി ലോക നിലവാരത്തിലുള്ള നല്ല സിനിമകൾ നിർമ്മിക്കപ്പെട്ട നാടാണിത്. പക്ഷേ ഈ ചടങ്ങിന്‍റെ സംഘാടകർ എത്ര നിസ്സാരമായാണ്, എത്ര ഗൗരവക്കുറവോടെയാണ്, എത്ര മോശമായാണ് സിനിമയെ കാണുന്നത്? അതും സർക്കാർ തലത്തിൽ നടന്ന ഒരു പരിപാടി?

ബ്രോഷറിൽ നിറയെ ചില പാട്ടുകാരുടെ ചിത്രങ്ങൾ മാത്രമാണ് കണ്ടത്. ആഘോഷമെന്ന പേരിൽ സംഘാടകർ നടത്തിയത് ഗാനമേളയാണ്. ഗാനമേളയല്ല സർ സിനിമ. നിങ്ങൾ മലയാള സിനിമയെ അപമാനിക്കുകയായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തെയും സാംസ്കാരിക പാരന്പര്യത്തേയും സിനിമയെ സിനിമയാക്കിയ കടന്നുപോയ കലാകാരൻമാരെയും അപമാനിക്കുകയായിരുന്നു.

ഇങ്ങനെ ഒരു ചടങ്ങ് നടന്നെന്ന് സിനിമാരംഗത്തെ എത്ര പേർ അറിഞ്ഞു, സാംസ്കാരിക രംഗത്തെ എത്ര പേര് അറിഞ്ഞു? അതിസന്പന്നമായ സാംസ്കാരിക ചരിത്രമുള്ള മലയാളസിനിമയുടെ തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കുന്പോൾ ഉദ്ഘാടനനച്ചടങ്ങ് അവരെ ഒക്കെ അറിയിക്കേണ്ടത് സാമാന്യ മര്യാദ ആയിരുന്നു. പകരം നടത്തിയത് ഗാനമേള... നാടിന്‍റെ ബുദ്ധിയും നട്ടെല്ലുമായ സിനിമ എന്ന കലയോടും അക്കാദമി മര്യാദ കാണിച്ചില്ല. സിനിമ എന്താണെന്ന് ഇത്രയും വലിയ ചിന്തയുള്ള ഇവർക്കൊന്നും അറിയില്ലേ? വിനായകൻ ക്ഷോഭത്തോടെ ചോദിക്കുന്നു.
 

Follow Us:
Download App:
  • android
  • ios