സ്താനാർത്തി ശ്രീക്കുട്ടൻ ഒടിടിയിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്ന വിനേഷ് വിശ്വനാഥ്.

ആള്‍ക്കാര്‍ വന്നിട്ടും ചില തിയറ്ററുകളില്‍ ഷോ ഇല്ലെന്ന് പറഞ്ഞ് മടക്കിയയച്ച അനുഭവമുണ്ടായിട്ടുണ്ട് തന്റെ സിനിമയ്‍ക്കെന്ന് സ്താനാർത്തി ശ്രീക്കുട്ടന്റെ സംവിധായകൻ വിനേഷ് വിശ്വനാഥ്‌. തുടക്കക്കാരൻ എന്ന നിലയിൽ അത് മനോവിഷമം ഉണ്ടാക്കിയെന്നും വിനേഷ് കൂട്ടിച്ചേർത്തു. സ്താനാർത്തി ശ്രീക്കുട്ടൻ ഒടിടിയിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്ന വിനേഷ് വിശ്വനാഥ്.

 സിനിമക്ക് ഒടിടിയിൽ ലഭിക്കുന്ന സ്വീകാര്യത

നമ്മുടെ ചോരയും നീരും കൊടുത്ത് ഉണ്ടാക്കുന്ന ഒരു പ്രൊഡക്ടിനെ പറ്റി ആളുകളൊക്കെ ചർച്ച ചെയ്യുമ്പോഴാണ് ഇനി അടുത്ത വർക്കിൽ എന്തെല്ലാം കാര്യങ്ങളൊക്കെ കൂടുതലായി ശ്രദ്ധിക്കണമെന്ന ആലോചനയൊക്കെ നമുക്ക് വരിക. ചർച്ചകൾ നല്ലതോ ചീത്തയോ ആവട്ടെ, അത്തരത്തിൽ ചർച്ച ചെയ്യുക എന്നത് മാത്രമാണ് പ്രധാനം. പ്രത്യേകിച്ചും സിനിമയെ മാത്രം ആശ്രയിച്ചിരിക്കുന്ന എന്നെപ്പോലെ ഒരാൾക്ക് ഇത്തരം ചർച്ചകളും അഭിപ്രായങ്ങളുമൊക്കെ അനിവാര്യമാണ്. ഈ സിനിമയുടെ പ്രമോഷൻ ചെയ്യാനായി, ആവശ്യമായ തുക ഞങ്ങളുടെ കയ്യിലില്ലായിരുന്നു. പ്രൊമോഷൻ നന്നായാൽ മാത്രമേ പ്രേക്ഷകർക്കും എഫർട്ട് എടുത്ത് തിയേറ്ററിൽ വരാൻ തോന്നൂ. പക്ഷേ ഇവിടെ സാഹചര്യങ്ങൾ കാരണം അങ്ങനെ ആളുകൾക്ക് തോന്നിയില്ല. പക്ഷേ സിനിമ ഒടിടിയിൽ വന്നതിനുശേഷം വളരെ നല്ല അഭിപ്രായങ്ങൾ കിട്ടുന്നുണ്ട്. അത്രയ്ക്കധികം കോളുകളും മെസ്സേജുകളും ഒക്കെയാണ് വരുന്നത്.

Sthanarthi Sreekuttan OTT Trailer | Aju Varghese | Saiju Kurup | Johny Antony | Vinesh Viswanath

കുട്ടിത്താരങ്ങൾ

ഈ സിനിമയുടെ ഹൃദയം തന്നെ കുട്ടികളാണെന്ന ബോധ്യമുള്ളത് കൊണ്ട് കഥാപാത്രങ്ങൾക്ക് അനുയോജ്യരായ കുട്ടികളെ കണ്ടെത്തുക എന്നതായിരുന്നു ആദ്യത്തെ ടാസ്‍ക്. ഇതിനകത്തുള്ള എല്ലാ കുട്ടികളെയും ഓഡിഷൻ വഴിയാണ് കണ്ടെത്തിയത്. മാത്രമല്ല അതിനുശേഷം 15 ദിവസം എല്ലാ കുട്ടികൾക്കും ആക്ടിങ് വർക്ഷോപ്പ് കൊടുത്തു. സ്ക്രിപ്റ്റിനെ കുറിച്ചുള്ള പൂർണ്ണമായ വ്യക്തതയും കൊടുത്തു. അതിന്ശേഷമാണ് അത്രയും കുട്ടികളെ ലൊക്കേഷനിലേക്ക് എത്തിച്ചത്. ആക്ടിംഗ് ട്രെയിനർ ആയിട്ടുള്ള സാം ജോർജും അദ്ദേഹത്തിന്റെ ടീമും ആണ് അതെല്ലാം ചെയ്തത്. ഈ സിനിമ ഷൂട്ട് ചെയ്തിട്ടുള്ളത് എറണാകുളത്താണ്. തിരുവനന്തപുരത്തുനിന്ന് കുറച്ചു കുട്ടികൾ മാത്രമേ ഈ സിനിമയിൽ ഉള്ളൂ. എന്നാൽ സിനിമയിലെ കഥാപാത്രങ്ങൾ തിരുവനന്തപുരം ഭാഷ സംസാരിക്കണം. പക്ഷേ എല്ലാ കുട്ടികളും ആ റിസ്ക് ഏറ്റെടുത്തു ചെയ്തു. സത്യത്തിൽ അവരെല്ലാം എടുത്ത എഫേര്‍ട്ട് ആണ് സ്‌ക്രീനിൽ കാണുന്നത്.

മികച്ച അഭിനയവുമായി അജു വർഗീസ്

ഈ കഥ ആദ്യം പറയുന്നത് അജു ചേട്ടന്റെ അടുത്താണ്. ആദ്യം അദ്ദേഹത്തിന് കൊടുക്കാൻ തീരുമാനിച്ചിരുന്നത് ഈ സിനിമക്കകത്തെ കണ്ണൻ നായർ ചെയ്‍തിട്ടുള്ള ഗുപ്‍തൻ എന്ന കഥാപാത്രമായിരുന്നു. ഇപ്പോൾ അജു ചേട്ടൻ ചെയ്തിട്ടുള്ള കഥാപാത്രം ഒരു സ്ത്രീക്ക് കൊടുക്കാൻ ആയിരുന്നു അന്ന് തീരുമാനിച്ചത്. പക്ഷെ സിനിമ ഓൺ ആവാൻ കുറച്ചു വൈകിയപ്പോൾ ഈ കഥാപാത്രം അജു ചേട്ടന് കൊടുത്താൽ എങ്ങനെ ഉണ്ടായിരിക്കും എന്ന് ചിന്തിച്ചു. അത്തരത്തിൽ ഉള്ള ചർച്ച വന്നു. അങ്ങനെയാണ് സിപി എന്ന കഥാപാത്രം അജു ചേട്ടന് കൊടുക്കുന്നത്. സത്യത്തിൽ എല്ലാവരുടെയും കുട്ടിക്കാലത്ത് സിപി എന്നു പറയുന്നതുപോലെയുള്ള ഒരു കഥാപാത്രം കടന്നുപോയിട്ടുണ്ടായിരിക്കും. പണ്ടത്തെ നാട്ടിൻപുറത്തെ സ്‍കൂളുകളിൽ മാത്രമല്ല , ഇപ്പോഴും ഒരു സിപി എവിടെയൊക്കെയൊ ഉണ്ട്. ഇപ്പോഴും ഏതെങ്കിലും ഒക്കെ കുട്ടികളെ ടോർച്ചർ ചെയ്യുന്നുണ്ടായിരിക്കും അത്തരത്തിലുള്ള സിപിമാർ. ആ കഥാപാത്രം വിവരിക്കുന്ന സമയത്ത് സിപിയെ അത്രയ്ക്ക് ദുഷ്ടനാക്കണമോ എന്നൊന്നും അജു ചേട്ടൻ ചോദിച്ചിട്ടില്ല. കാരണം അദ്ദേഹത്തിനും ഇതുപോലെ ട്രോമ കൊടുത്തിട്ടുള്ള ടീച്ചേഴ്‌സ് ഉണ്ടായിട്ടുണ്ട്. ഒരു നടൻ എന്നുള്ള നിലയ്ക്ക് അദ്ദേഹം അദ്ദേഹത്തിന്റെ എല്ലാ കൺട്രോളും എന്നെ ഏൽപ്പിക്കുകയായിരുന്നു. അദ്ദേഹത്തിൽനിന്ന് ആവശ്യമുള്ളതെല്ലാം എടുക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. അത്തരമൊരു സ്വാതന്ത്ര്യം തന്നതുകൊണ്ടാണ് ഞങ്ങൾക്കും ശരിയായ രീതിയിൽ വർക്ക് ചെയ്യാൻ പറ്റിയത്. കേരള ക്രൈം ഫയൽ സീരീസ്ന്റെ ഷൂട്ട് തുടങ്ങുന്നതിനു മുൻപാണ് ഈ വർക്കിന്റെ ഷൂട്ട് കഴിഞ്ഞത്. അജു ചേട്ടൻ തന്നെ പലയിടത്തും പറഞ്ഞിട്ടുണ്ട്, ആ സീരീസ് ചെയ്യാനുള്ള ആത്മവിശ്വാസത്തിന്റെ തുടക്കം ഈ സിനിമയാണെന്ന്.

സിനിമക്കുള്ളിലെ രാഷ്ട്രീയം

സത്യത്തിൽ ഈ സിനിമ എന്റെ ജീവിതാനുഭവമല്ല. ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുള്ള കാര്യങ്ങളാണ് ഈ സിനിമ പറയുന്നത്. ഈ സിനിമയ്ക്കകത്ത് ഗ്രാന്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് അജു വർഗീസ് ചെയ്യുന്ന സിപി എന്നു പറയുന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. വാസ്തവത്തിൽ ആ ഡയലോഗ് ഒരു കുട്ടിയോട് മറ്റൊരു ടീച്ചർ പറയുന്നത് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. അന്ന് അതിനെക്കുറിച്ച് മനസ്സിലാക്കാനോ പ്രതികരിക്കാനോ കഴിഞ്ഞില്ലായിരുന്നു. പിന്നീടാണ് അതിനെക്കുറിച്ചൊക്കെ തിരിച്ചറിവ് വരുന്നത്. എന്നാൽ ഈ സിനിമയിൽ ഞങ്ങൾ ജാതി എന്ന് പറയുന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. ഉപയോഗിക്കാതെ തന്നെ കൃത്യമായി അത് ആളുകളിലേക്ക് എത്തണം എന്നാണ് ചിന്തിച്ചത്. എന്താണ് സിപിക്ക് ശ്രീക്കുട്ടനോടുള്ള വിരോധം എന്ന് പ്രേക്ഷകർ മനസ്സിലാക്കട്ടെ എന്ന് വിചാരിച്ചു. അത് തന്നെയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. ഇതിനകത്തുള്ള പൊളിറ്റിക്സ് മാർക്കറ്റിംഗ് തന്ത്രം ആക്കരുത് എന്നുള്ള നിർബന്ധം ഉണ്ടായിരുന്നു.

ഇനി കോമഡി ടൈം | Johny Antony | Sthanarthi Sreekuttan | Saina Play

പ്രിവിലേജ്‍ഡായ ശ്രീക്കുട്ടൻ

ശ്രീക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ വീടിനായി ലൊക്കേഷൻ തിരയുന്ന സമയത്ത് തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു, ഇത്തരത്തിലുള്ള കുട്ടികളുടെ കഥ പറയുമ്പോൾ സാധാരണയായി കാണിക്കാറുള്ള തരത്തിലുള്ള സ്ഥിരം ലൊക്കേഷനുകൾ ഒന്നും തന്നെ വേണ്ട എന്ന്. കഷ്ടപ്പാടുകൾ ഒന്നും ആവശ്യമില്ല. ഞാനെന്റെ ജീവിതത്തിൽ കാണുന്ന ശ്രീക്കുട്ടൻമാരൊന്നും അത്തരം ദയനീയമായ പശ്ചാത്തലത്തിൽ നിന്ന് വരുന്നവരല്ല. ശ്രീക്കുട്ടന്റെ വീട്ടിൽ വാഷിംഗ് മെഷീൻ എന്ന ചിന്ത വരുമ്പോൾ തന്നെ അത് വേണ്ട എന്നുള്ള ഒരു അഭിപ്രായം വന്നിരുന്നു. പക്ഷേ അങ്ങനെ കാണിക്കേണ്ട കാര്യമില്ല. ശ്രീക്കുട്ടന്റെ മാതാപിതാക്കൾ ഉദ്യോഗസ്ഥരാണ്. അതുകൊണ്ട് ശ്രീക്കുട്ടന്റെ വീട്ടിൽ അതൊന്നും ഉണ്ടെങ്കിലും കുഴപ്പമില്ല. അല്ലെങ്കിലും ഈ പറഞ്ഞ വാഷിംഗ് മെഷീൻ, ഫ്രിഡ്‍ജ് അതൊന്നും ലക്ഷ്വറി സാധനങ്ങൾ അല്ല. അപ്പോള്‍ പിന്നെ അതൊക്കെ എന്തിന് കാണിക്കാതിരിക്കണം

ചെറിയ സിനിമകൾ നേരിടുന്ന പ്രതിസന്ധികൾ

പ്രമോഷന്റെ ഭാഗമായി എല്ലാ തിയറ്ററുകളിലും ഓടിയെത്തുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അന്നത്ര പോസിബിൾ അല്ലായിരുന്നു. റിലീസ് ചെയ്‍ത സമയത്ത് രാത്രിയിൽ ഷോ ഇടില്ല എന്ന് ഒരു തീയേറ്ററിൽ നിന്ന് പറഞ്ഞപ്പോൾ ആളുകളെ വിളിച്ചു കൂട്ടി തീയേറ്ററിൽ ഷോ നടത്തിയിട്ടുണ്ട്. അതായത് തിയേറ്ററിൽ ഷോ ഇല്ല എന്ന് കാണിച്ചാൽ മാത്രമേ അവർക്ക് ആ സിനിമയെടുത്ത് മാറ്റി ആ സമയത്ത് വലിയൊരു സിനിമ പ്രദർശിപ്പിക്കാൻ പറ്റൂ. സിനിമ കാണാൻ വരുന്നവരോട് പോലും സിനിമ ഇല്ലെന്ന് പറഞ്ഞ് അപ്പപ്പോൾ അവരെ പറഞ്ഞു വിട്ടാണ് ഇതുപോലെ ചെയ്യുക. തിയേറ്ററിന് പുറത്ത് കുറെ പേര് കാത്തു നിന്നിട്ടും ഷോ കാണിച്ചില്ല എന്നുള്ളതൊക്കെ വലിയ ദ്രോഹമാണ്.

 സിനിമാ കൂട്ടായ്‍മ

ഈ സിനിമയിൽ വർക്ക് ചെയ്തവരും അഭിനയിച്ചവരും എല്ലാം എന്റെ സുഹൃത്തുക്കളാണ്. സുഹൃത്തുക്കളുടെ ഒരു സംഗമം തന്നെയാണ് ഈ സിനിമ. ഈ സിനിമ സംഭവിച്ച അതേ വീട്ടിൽ വച്ചാണ് ഇന്നലെ ഈ പടം സൈനപ്ലെയിൽ ഓൺ ചെയ്‍തിരിക്കുന്നത്. ഒരു സൗഹൃദ സംഗമം എന്നതിനപ്പുറത്തേക്ക് ഒരു കുടുംബം ആയിട്ട് തന്നെയാണ് എല്ലാവരെയും ഞാൻ കാണുന്നത്. എല്ലാ പടങ്ങളും എല്ലാവരും ഒരുമിച്ച് ചെയ്യണമെന്നുള്ള തീരുമാനം ഒന്നുമില്ല.പക്ഷേ ആർക്കെങ്കിലും എന്തെങ്കിലും ആവശ്യം വന്നാൽ എല്ലാവരും ഒരുമിച്ച് നിൽക്കുക എന്നുള്ള ഒരു സൈലന്റ് കമ്മ്യൂണിക്കേഷൻ ഞങ്ങൾക്ക് ഇടയിലുണ്ട്.

തിരുവനന്തപുരം ഭാഷയും സിനിമയും

ഈ സിനിമയിൽ മെൻഷൻ ചെയ്തിട്ടുള്ള സ്ഥലം തന്നെയാണ് എന്റെ ജന്മനാടും. ഈ സിനിമയിൽ ഉപയോഗിച്ച സ്ഥലപ്പേരുകൾ ഒന്നും ഇതുവരെക്കും ഒരു സിനിമയിലും പറഞ്ഞിട്ടില്ല. ഒരു ഫിക്ഷണൽ പേര് കൊടുക്കുന്നതിനേക്കാൾ നല്ലത് നമ്മുടെ നാടിന്റെ പേര് കൊടുക്കുന്നതാണെന്ന് എനിക്ക് തോന്നി. ലോക്കൽ ഈസ്‌ ഇന്റർനാഷണൽ എന്നാണല്ലോ?.

അജു വർഗ്ഗീസിൻ്റെ ഒരു കിടിലൻ വില്ലൻ അദ്ധ്യാപകൻ | Aju Varghese | Sthanarthi Sreekuttan | Saina Play

കഥയുടെ തുടക്കം

ഈ സിനിമയുടെ കഥ എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ് വന്ന ഒരു സംഭവമാണ്. കാക്ക മുട്ടൈ പോലൊക്കെ ഒരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. സത്യത്തിൽ ഷോർട്ട് ഫിലിം ആയിട്ടെങ്കിലും ചെയ്യാം എന്ന് വിചാരിച്ചെടുത്ത സബ്‍ജക്ടാണ് പിന്നീട് സിനിമയാക്കിയത്. ചെറിയൊരു വിഷയത്തെ സിനിമ ആക്കുമ്പോൾ അത് പാളിപോകാൻ ചാൻസ് ഉണ്ട്. അതുകൊണ്ട് ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് സ്‍കൂളുകളിൽ പോയി ഒരുപാട് പേരെ നേരിൽ കണ്ട് സംസാരിച്ചു. അവരിൽ നിന്ന് കുറെയധികം കാര്യങ്ങൾ മനസിലാക്കി. അങ്ങനെ പതിയെയാണ് ഇതൊരു സിനിമയിലേക്ക് മാറിയത്. പിന്നെ ഒരു വലിയ സന്തോഷവാർത്ത എന്താണെന്ന് വെച്ചാൽ, റീലിസിന് മുൻപ് തന്നെ മന്ത്രി കെ ബി ഗണേഷ്‍കുമാർ അദ്ദേഹത്തിന്റെ സ്‍കൂളിൽ ഈ സിനിമ പ്രദർശിപ്പിച്ചു. നമ്മുടെ സിനിമയിൽ പറഞ്ഞു വയ്ക്കുന്ന ബെഞ്ചിങ്ങ് ഓർഡർ അദ്ദേഹത്തിന്റെ വാളകത്തെ സ്കൂളിൽ അപ്ലൈ ചെയ്‍തു. റിലീസിന് മുൻപ് ഈ സിനിമയ്ക്ക് കിട്ടിയ ഒരു ഇമ്പാക്ട് അതായിരുന്നു. ഇപ്പോഴും അവിടെ അത് തുടരുന്നുണ്ട്.