Asianet News MalayalamAsianet News Malayalam

നടപടി ശ്രീനാഥ് ഭാസിക്കെതിരെ മാത്രം മതിയോ? പ്രതികരണവുമായി ഡബ്ല്യൂസിസി

ശ്രീനാഥ് ഭാസിക്ക് എതിരായ നടപടിയെ സ്വാഗതം ചെയ്ത ഡബ്ല്യൂസിസി, ഒരു സംഭവത്തിൽ മാത്രം ഇത്തരം നടപടികൾ മതിയോ എന്ന് ഫേസ് ബുക്കിൽ കുറിച്ചു

wcc response on Producers' Association temporary ban on Sreenath bhasi
Author
First Published Sep 28, 2022, 7:36 PM IST

കൊച്ചി : വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ, നടൻ ശ്രീനാഥ് ഭാസിക്ക് എതിരായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടപടിയിൽ പ്രതികരണവുമായി വനിതാ സംഘടനയായ ഡബ്ല്യൂസിസി. ശ്രീനാഥ് ഭാസിക്ക് എതിരായ നടപടിയെ സ്വാഗതം ചെയ്ത ഡബ്ല്യൂസിസി, ഒരു സംഭവത്തിൽ മാത്രം ഇത്തരം നടപടികൾ മതിയോ എന്ന് ഫേസ് ബുക്കിൽ കുറിച്ചു. സിനിമാ മേഖലയിൽ നിന്നും തന്നെയുള്ള വിജയ് ബാബുവിനും ലിജു കൃഷ്ണക്കും എതിരായ  കേസുകളെയും ആരോപണ വിധേയരെയും ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പൊലീസ് കേസെടുത്തിട്ടും വിജയ് ബാബുവിനും ലിജു കൃഷ്ണയ്ക്കും എതിരെ എന്തുകൊണ്ടാണ് നടപടി ഇല്ലാത്തതെന്ന ചോദ്യമുന്നയിച്ച ഡബ്യൂസിസി ഇവർക്ക് എതിരെയും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. 

നടിമാര്‍ക്ക് നേരെ അതിക്രമം നടത്തിയവരെ സിസിടിവി ദൃശ്യങ്ങളിൽ തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്ന് പൊലീസ്

മയക്കുമരുന്നിന് അടിമകളായവര്‍ സിനിമയില്‍ വേണ്ട, അത്തരക്കാർക്കെതിരെ എന്തുനടപടിയും സ്വീകരിക്കാം: നിര്‍മാതാക്കൾ

കുറിപ്പിന്റെ പൂർണ രൂപം 

വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ, ശ്രീനാഥ് ഭാസിക്കെതിരെ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സമയബന്ധിതമായി നടപടി എടുത്തിരിക്കുന്നു.

ഇത് തീർച്ചയായും, നമ്മുടെ സഹപ്രവർത്തകരോടു നാം കാണിക്കേണ്ട ബഹുമാനത്തിന്റെ/പരിഗണനയുടെ പ്രസക്തി ബോധ്യപ്പെടുത്താൻ സഹായിക്കുന്ന ഒരു നടപടിയാണ്.സമാന്തരമായി, ഈ ഒരു സംഭവത്തിൽ മാത്രം ഇത്തരം നടപടികൾ കൈക്കൊണ്ടാൽ മതിയോ എന്നു കൂടെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു.നമ്മുടെ പോലീസ് സ്റ്റേഷനുകളിലും കോടതികളിലും നിലനിൽക്കുന്ന പല കേസുകളിലും, ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെട്ടവരും, വിചാരണ നേരിടുന്നവരുമായ നിരവധി പുരുഷന്മാർ മലയാള സിനിമാ മേഖലയിലുണ്ട്. ഇതിനുള്ള ഉദാഹരണങ്ങളിൽ ചിലതാണ്, സമീപകാലത്തുണ്ടായ വിജയ് ബാബുവിന്റെയും, ലിജു കൃഷ്ണയുടെയും കേസുകൾ.

പടവെട്ട് എന്ന സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ അറസ്റ്റിലായ ശേഷം, ഇപ്പോൾ ജാമ്യത്തിലാണ്. ഈ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്ക് എതിരെയും ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച ആഘോഷങ്ങളിലാണ്, ഇതിന്റെ നിർമ്മാണ കമ്പനി ഇപ്പോൾ.

ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും, സാമ്പിളുകൾ ശേഖരിച്ചു

വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് ഒരു യുവതി പോലീസിൽ പരാതി നൽകിയതോടെ വിജയ് ബാബു ഒളിവിൽ പോവുകയുണ്ടായി. ഒളിവിലായിരിക്കുമ്പോൾ തന്നെ അയാൾ പരാതിക്കാരിയുടെ പേര് പരസ്യമാക്കുകയും അപമാനിക്കുകയും ചെയ്തു. അയാളും ജാമ്യത്തിലാണ്. വ്യവസായികളാൽ പിൻതാങ്ങപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മട്ടിൽ സാധാരണ നിലയിൽ പ്രവർത്തിക്കാൻ അനുവദിക്കപെടുകയും ചെയ്യുന്നു.

എന്തുകൊണ്ടാണ് ഈ വ്യക്തികൾക്കും അവരുടെ കമ്പനികൾക്കും എതിരെ അച്ചടക്ക നടപടികളെടുക്കാൻ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഒരു നടപടിയും സ്വീകരിക്കാത്തത്? ആരൊക്കെ അച്ചടക്കം പാലിക്കണം, ആരൊക്കെ അച്ചടക്കം പാലിക്കണ്ട എന്നത് പണവും അധികാരവുമാണോ നിശ്ചയിക്കുന്നത്?

മലയാള ചലച്ചിത്ര വ്യവസായത്തിലെ ഒരു നിർണായക സ്ഥാപനമെന്ന നിലയിൽ, ലിംഗവിവേചനത്തോടും, മറ്റതിക്രമങ്ങളോടും യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നയം കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകൾ സ്വീകരിക്കുകയും, ഈ വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ ഉചിതങ്ങളായ നടപടികൾ കൈക്കൊള്ളുകയും വേണം. അത്തരം വ്യക്തികളെ ഈ സിനിമാ മേഖലയിൽ ജോലി ചെയ്യുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനും, അതുവഴി നമ്മുടെ ജോലിസ്ഥലം മാന്യവും ഏവർക്കും സുരക്ഷിതവുമാക്കാൻ ഉതകുന്ന സംവിധാനങ്ങൾ സജ്ജമാക്കാൻ ഞങ്ങൾ KFPA-യോട് അഭ്യർത്ഥിക്കുന്നു.

Follow Us:
Download App:
  • android
  • ios