രണ്ട് വര്‍ഷത്തിന് ശേഷം കരീനയുടെ പുതിയ ചിത്രം റിലീസിന്‌

കരീന കപൂറിനെ സ്‌ക്രീനില്‍ കണ്ടിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുന്നു. മകന്‍ തൈമൂര്‍ പിറന്നതിന് ശേഷം സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു അവര്‍. ഇപ്പോഴിതാ പുതിയ ചിത്രമായ ശശാങ്ക ഘോഷിന്റെ 'വീരെ ദി വെഡ്ഡിംഗ്' പുറത്തിറങ്ങാനിരിക്കുന്നു. സോനം കപൂറും സ്വര ഭാസ്‌കറുമൊക്കെയാണ് സഹതാരങ്ങള്‍. ചിത്രത്തിന്റെ പ്രചരണത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിന് കരീന മറുപടി പറഞ്ഞു. താരങ്ങളില്‍ മിക്കവരും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായിരിക്കുമ്പോള്‍ എന്തുകൊണ്ട് ഇതുവരെ ഒരു ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ല എന്നായിരുന്നു ചോദ്യം. അതിനുള്ള കരീനയുടെ മറുപടി ഇങ്ങനെ..

'അത് ഒരിക്കലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. സ്വന്തം ജീവിതത്തില്‍ ഏറെ സ്വകാര്യത ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ സ്വന്തമായി അക്കൗണ്ട് ഇല്ലെന്നത് ശരിയാണ്. പക്ഷേ എന്റെ ജീവിതം അവിടെയുണ്ട്. ആ തരത്തില്‍ ഞാനത് ആസ്വദിക്കുന്നുമുണ്ട്. സ്വന്തമായി അവിടെ ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല', കരീന പറഞ്ഞ് അവസാനിപ്പിക്കുന്നു.