ബിജെപി മോഹന്‍ലാലിനെ പരിഗണിക്കുന്നുണ്ടെന്ന, നേരത്തേയുള്ള വിലയിരുത്തലുകളെ ശക്തിപ്പെടുത്തിയത് ദിവസങ്ങള്‍ക്ക് മുന്‍പ് ഒ രാജഗോപാല്‍ എംഎല്‍എ ഈ വിഷയത്തില്‍ എന്‍ഡിടിവിയോട് നടത്തിയ പ്രതികരണമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റിലേക്ക് ബിജെപി പരിഗണിക്കുന്നത് മോഹന്‍ലാലിനെയാണെന്നായിരുന്നു രാജഗോപാല്‍ പറഞ്ഞത്. 

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമം നടത്തുന്നതായ വാര്‍ത്തകള്‍ക്കിടെ രാഷ്ട്രീയ പ്രവേശന വിഷയത്തില്‍ മോഹന്‍ലാലിന്റെ ആദ്യ പ്രതികരണം. രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് മുന്‍പ് പലതവണ പറഞ്ഞിട്ടുള്ളത് തന്നെയാണ് പുതിയ സാഹചര്യത്തിലും അദ്ദഹം ആവര്‍ത്തിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ പ്രതികരണം.

രാഷ്ട്രീയമല്ല തന്റെ വഴിയെന്നും എക്കാലവും ഒരു അഭിനേതാവായി തുടരാനാണ് തന്റെ താല്‍പര്യമെന്നും മോഹന്‍ലാല്‍ പറയുന്നു.

അഭിനയ ജീവിതത്തിലുള്ള സ്വാതന്ത്ര്യം ഞാന്‍ ഏറെ ആസ്വദിക്കുന്ന ഒന്നാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഒരുപാട് പേര്‍ നിങ്ങളെ ആശ്രയിക്കും.അതൊട്ടും എളുപ്പമല്ല താനും.എനിക്ക് ഒരുപാടൊന്നും അറിയാവുന്ന വിഷയവുമല്ല രാഷ്ട്രീയം. അതിനാല്‍ത്തന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് എത്തണമെന്ന താല്‍പര്യമില്ല.'

ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചോ ബിജെപിയുടെ തിരുവനന്തപുരം സീറ്റിനെക്കുറിച്ചോ ഉള്ള ചോദ്യത്തിനല്ല മോഹന്‍ലാലിന്റെ പ്രതികരണം. സഹപ്രവര്‍ത്തകരില്‍ പലരും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അക്കാര്യത്തില്‍ മോഹന്‍ലാലിന്റെ അഭിപ്രായം ആരാഞ്ഞുള്ളതായിരുന്നു ചോദ്യം.

അതേസമയം ബിജെപി മോഹന്‍ലാലിനെ പരിഗണിക്കുന്നുണ്ടെന്ന, നേരത്തേയുള്ള വിലയിരുത്തലുകളെ ശക്തിപ്പെടുത്തിയത് ദിവസങ്ങള്‍ക്ക് മുന്‍പ് ഒ രാജഗോപാല്‍ എംഎല്‍എ ഈ വിഷയത്തില്‍ എന്‍ഡിടിവിയോട് നടത്തിയ പ്രതികരണമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റിലേക്ക് ബിജെപി പരിഗണിക്കുന്നത് മോഹന്‍ലാലിനെയാണെന്നായിരുന്നു രാജഗോപാല്‍ പറഞ്ഞത്. സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിനെ സമീപിച്ചിട്ടുണ്ടെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു.

മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറായാല്‍ ആദ്യം സ്വാഗതം ചെയ്യുന്ന പാര്‍ട്ടി ബിജെപി ആയിരിക്കുമെന്നായിരുന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ പ്രതികരണം. 'കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളെ മോഹന്‍ലാല്‍ പ്രശംസിച്ചിട്ടുണ്ട്, എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല.' ബിജെപിക്ക് കേരളത്തില്‍ ജയിക്കാനായി കേന്ദ്ര നേതാക്കളുടെ ആവശ്യമില്ലെന്നും എം ടി രമേശ് തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

അതേസമയം മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന പ്രതികരണവുമായി മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ മത്സരിച്ചാല്‍ കെട്ടിത്തൂക്കി ഇറക്കിയ സ്ഥാനാര്‍ഥിയായേ ജനങ്ങള്‍ കാണൂ എന്നായിരുന്നു മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാറിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു ഇത് സംബന്ധിച്ച പ്രതികരണം.