സി.വി സിനിയ
പാലക്കാട്: പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയും സുഹൃത്തുക്കളും പണം തട്ടാന്‍ ശ്രമിച്ചെന്ന നടന്‍ ഉണ്ണിമുകുന്ദന്‍റെ പരാതി ചേരാനെല്ലൂര്‍ പോലീസ് അന്വേഷിക്കും. ഒറ്റപ്പാലം പോലീസിന് ലഭിച്ച പരാതി ചേരാനെല്ലൂര്‍ പോലീസിന് കൈമാറുകയായിരുന്നു. യുവതിക്കും മൂന്ന് സുഹൃത്തുക്കള്‍ക്കുമെതിരെയാണ് പരാതി.
സിനിമയുടെ കഥ പറഞ്ഞ് കേള്‍പ്പിക്കാന്‍ എത്തിയ യുവതിയാണ് ഉണ്ണി മുകുന്ദനെ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി നല്‍കാതിരിക്കാന്‍ സിനിമയില്‍ അഭിനയിക്കണം, തന്നെ വിവാഹം ചെയ്യണം, 25 ലക്ഷം രൂപ, കാര്‍ തുടങ്ങിയവ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിപ്പെടുത്തിയതായാണ് താരം പരാതി നല്‍കിയിരിക്കുന്നത്. കേസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചേരാനെല്ലൂര്‍ എസ് ഐ സിനുമോന്‍ കെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ഉണ്ണിമുകുന്ദന്‍റെ പരാതിയെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
ആഗസ്റ്റ് 23 ന് ഒറ്റപ്പാലം സ്വദേശിയായ യുവതി സിനിമയുടെ കഥ കേള്‍പ്പിക്കാനുണ്ടെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ ഇടപ്പള്ളിയിലുള്ള ഉണ്ണി മുകുന്ദന്റെ വാടക വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ താരം തിരക്കഥ ആവശ്യപ്പെട്ടപ്പോള്‍ അതില്ലെന്നും കഥ കേള്‍പ്പിക്കാമെന്നും പറഞ്ഞു. ഇതില്‍ അപാകത തോന്നിയതിനാല്‍ താരം സിനിമ നിരസിക്കുകയും ചെയ്തു.
പിന്നീട് യുവതി ഫോണില്‍ വിളിക്കുകയും തന്നെ പീഡിപ്പിച്ചതായി പോലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തി. യുവതിക്കൊപ്പം മറ്റുചിലര്‍കൂടി ഉള്ളതായി പോലീസ് പറഞ്ഞു. ഒറ്റപ്പാലം സി ഐ പി അബ്ദുള്‍ മുനീറിന് നല്‍കിയ പരാതി ഇപ്പോള്‍ ചേരാനെല്ലൂര്‍ എസ് ഐ സിനുമോന്‍ കെ യുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. സെക്ഷന്‍ 355, 506 എന്നീ വകുപ്പുകളിലായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക.
