Asianet News MalayalamAsianet News Malayalam

ജെഎന്‍യു: എബിവിപി പോസ്റ്റ് ചെയ്ത ഫോട്ടോ വ്യാജമോ; വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥി

ജെഎന്‍യുവിലേത് എസ്‌എഫ്‌ഐ അക്രമമെന്നും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്നുമാണ് എബിവിപി കേരള ഫേസ്‌ബുക്കില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തത്

ABVP Kerala Fake photo claims JNU Attack by SFI
Author
Kannur, First Published Jan 6, 2020, 7:07 PM IST

ദില്ലി: ജെഎന്‍യുവിലേത് എസ്‌എഫ്‌ഐ ആക്രമണമാണെന്നും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു എന്നുമുള്ള എബിവിപിയുടെ വാദം പൊളിയുന്നു. പരിക്കേറ്റ എബിവിപി പ്രവര്‍ത്തകന്‍റേത് എന്ന് വ്യക്തമാക്കി എബിവിപി കേരള ഫേസ്‌ബുക്കില്‍ പങ്കുവെച്ച ചിത്രം വ്യാജമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ പരിശോധനയില്‍ തെളിഞ്ഞു. എബിവിപിയുടെ പ്രചാരണങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കി ജെഎന്‍യു വിദ്യാര്‍ത്ഥി തന്നെ രംഗത്തെത്തി.

'ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എസ്‌എഫ്‌ഐ അക്രമം. നിരവധി എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. പ്രതിഷേധിക്കുക'. ഈ തലക്കെട്ടിലുള്ള പോസ്റ്റര്‍ എബിവിപി കേരളയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഈ ചിത്രത്തിന് ഇതിനകം 600ലധികം ഷെയറുകളാണ് ഫേസ്‌ബുക്കില്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ തലയില്‍ പരിക്കേറ്റ എബിവിപി പ്രവര്‍ത്തകന്‍റേതായി നല്‍കിയിരിക്കുന്ന ചിത്രം വ്യാജമാണ് എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. 

ABVP Kerala Fake photo claims JNU Attack by SFI

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സോഷ്യൽ മെഡിസിൻ സെന്ററിലെ എംഫില്‍ ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയായ കമലേഷ് മാന്ദ്രിയയുടെ ചിത്രമാണ് തെറ്റായി പ്രചരിപ്പിക്കുന്നത്. കമലേഷിന്‍റെ ചിത്രം തെറ്റായി നല്‍കിയിരിക്കുന്നത് ചൂണ്ടിക്കാട്ടി ജെഎന്‍‌യുവിലെ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയായ മലയാളി ഉമ്മന്‍ സി കുര്യനിട്ട ഫേസ്‌ബുക്ക് പോസ്റ്റും ചര്‍ച്ചയാവുകയാണ്. ഉമ്മന്‍ സി കുര്യന്‍റെ ജൂനിയര്‍ വിദ്യാര്‍ത്ഥിയാണ് കമലേഷ്. 

ഉമ്മന്‍ സി കുര്യന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

'മലയാളി സംഘിക്കിണറുകളിൽ ഈ പടം നിറഞ്ഞസദസ്സിൽ ഓടുന്നുണ്ട്.

പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ട്: ഈ 'ബലിദാനി' സംഘികൾ അടിച്ചു തലപൊളിച്ച ജെഎന്‍‌യുവിലെ സോഷ്യൽ മെഡിസിൻ സെന്ററിൽ പഠിക്കുന്ന എന്റെ ഒരു സുഹൃത്താണ്.
അവൻ എബിവിപി ആണോ എന്ന് സംശയമുള്ളവർക്ക് പോയിനോക്കാനുള്ള സ്ഥലം: https://www.facebook.com/kmandriya

"സ്വന്തമായൊന്നുമില്ലാത്തവർ" എന്നുകേൾക്കുമ്പോൾ ഇവരെ ഓർമ്മവരുന്നത് ഒരു കുറ്റമാണോ ഡോക്ടർ?'

തനിക്കൊരിക്കലും എബിവിപി ആകാനാവില്ല: കമലേഷ് മാന്ദ്രിയ

എബിവിപി പ്രചാരണങ്ങളെക്കുറിച്ച്കമലേഷ് മാന്ദ്രിയയുടെ പ്രതികരണമിങ്ങനെ.'എസ് എഫ് ഐ ആക്രമണത്തില്‍ പരിക്കേറ്റ എ ബി വി പി പ്രവര്‍ത്തകന്‍േറതെന്ന് പറഞ്ഞ് എ ബി വി പി പ്രചരിപ്പിക്കുന്നത് എന്റെ ഫോട്ടോയാണ്. ഞാന്‍ എ ബി വി പി പ്രവര്‍ത്തകനല്ല. എനിക്കതാവാനും കഴിയില്ല. എന്നെ മര്‍ദ്ദിച്ചത് എസ് എഫ് ഐ ക്കാരുമല്ല '-കമലേഷ് മാന്ദ്രിയ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ABVP Kerala Fake photo claims JNU Attack by SFI

തന്റെ ചിത്രം ഉപയോഗിച്ച് ഫേസ്ബുക്കിലും ട്വിറ്ററിലും നടക്കുന്ന പ്രചാരണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും കമലേഷ് വ്യക്തമാക്കി. ജെഎന്‍യുവില്‍ നടന്ന ആക്രമണത്തിലേറ്റ പരിക്കില്‍ചികിത്സ തേടിയ ശേഷം വിശ്രമിക്കുകയാണ് കമലേഷ് മാന്ദ്രിയ.

Follow Us:
Download App:
  • android
  • ios