മുംബൈ: രാജ്യത്ത് പല ഭാഗങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അതിശക്തമായി മുന്നോട്ട് പോവുകയാണ്. സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള ക്യാമ്പയിനുകളും നടക്കുന്നുണ്ട്. ഇതിനിടെ ഇന്നലെ മുംബൈ സിറ്റിസണ്‍ ഫോറത്തിന്‍റെ നേതൃത്വത്തിലുള്ള പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള വനിത പ്രതിഷേധത്തിന്‍റെ പോസ്റ്ററുകള്‍ വിമര്‍ശനക്കുറിപ്പുകളുമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

അഗ്രിപഥയിലെ വൈഎംസിഎ ഗ്രൗണ്ടില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും ഹിജാബോ ബുര്‍ഖയോ ധരിക്കണമെന്ന് എഴുതിയിട്ടുള്ള പോസ്റ്ററുകളാണ് പ്രചരിച്ചത്. എന്നാല്‍, ഈ പോസ്റ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ബൂം ലൈവ്. സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് ഉംറോ പോലും ഈ വ്യാജ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.

പ്രതിഷേധം പൗരത്വ നിയമ ഭേദഗതിക്കെതിരെയാണ്, പക്ഷേ വസ്ത്രം ഹിജാബോ ബുര്‍ഖയോ വേണം എന്ന് കുറിച്ചാണ് അദ്ദേഹം വ്യാജ ചിത്രം പങ്കുവെച്ചത്. എന്നാല്‍, ഈ പോസ്റ്ററുകള്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് പ്രതിഷേധത്തിന്‍റെ സംഘാടകര്‍ ബൂം ലൈവിനോട് വ്യക്തമാക്കി. പ്രതിഷേധത്തിന് വസ്ത്രധാരണം എങ്ങനെ ആയിരിക്കണമെന്ന് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലായിരുന്നുവെന്ന് അഭിഭാഷകന്‍ സുബൈന്‍ സുമി പറഞ്ഞു. യഥാര്‍ത്ഥ പോസ്റ്റര്‍ അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തു. അതില്‍ വസ്ത്ര ധാരണത്തെ കുറിച്ചുള്ള ഭാഗമില്ല.