ദില്ലി:  ലോക്ക്ഡൌണ്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് ഗുജറാത്തില്‍ സേനയെ വിന്യസിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കരസേന. അവധിയിലുളളവരും വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളവരുടെ സേവനം നീട്ടിയെന്ന രീതിയിലുള്ള പ്രചാരണവും അടിസ്ഥാന രഹിതമാണെന്ന് കരസേന വക്താവ് വ്യക്തമാക്കി. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഗുജറാത്തില്‍ സൈന്യമിറങ്ങിയെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്.
  അവധിയില്‍ പ്രവേശിച്ചവരോട് തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടുവെന്നത് അടിസ്ഥാനമില്ലാത്ത വിവരമാണെന്നും കരസേന വക്താവ് ചൊവ്വാഴ്ച വ്യക്തമാക്കി. ട്വിറ്ററിലാണി എഡിജിപിഐ ഇക്കാര്യം വ്യക്തമാക്കിയത്. ചില മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കരസേന വക്താവ് വ്യക്തമാക്കി.