ദില്ലി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധങ്ങള്‍ തുടരവേ നിയമത്തെ അനുകൂലിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ കഴിഞ്ഞദിവസം ക്യാംപയിന് തുടക്കമിട്ടിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഇന്ത്യ സപ്പോര്‍ട്ട് സിഎഎ'(#IndiaSupportsCAA) എന്ന ഹാഷ്‌ടാഗിലാണ് ക്യാംപയിന്‍ ആരംഭിച്ചത്. പൗരത്വ നിയമത്തെ കുറിച്ചുള്ള സദ്‌ഗുരു ജഗ്ഗി വസുദേവിന്‍റെ 20 മിനുറ്റ് വീഡിയോ ക്യാംപയിന്‍റെ ഭാഗമായി ട്വീറ്റ് ചെയ്തു പ്രധാനമന്ത്രി. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഈ വീഡിയോ റീ-ട്വീറ്റ് ചെയ്തു. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് പ്രചരിക്കുന്ന സത്യവും കള്ളവും മനസിലാക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ട്വീറ്റ്. 'പൗരത്വ നിയമ ഭേദഗതിയെ കുറിച്ചുള്ള ഈ ഉജ്ജ്വലമായ വിശകലനം കേള്‍ക്കൂ. ചരിത്രവും നമ്മുടെ സാഹോദര്യത്തിന്‍റെ സംസ്‌കാരം അടയാളപ്പെടുത്തുന്നതും ചില സ്ഥാപിതതല്‍പ്പരക്കാരുടെ തെറ്റായ പ്രചാരണങ്ങളെ തള്ളിക്കളയുന്നതുമാണ് സദ്‌ഗുരുവിന്‍റെ വീഡിയോ' എന്നും ട്വീറ്റിനൊപ്പം പ്രധാനമന്ത്രി കുറിച്ചിരുന്നു.

എന്നാല്‍ സദ്‌ഗുരു പ്രസംഗത്തില്‍ പറയുന്ന കാര്യങ്ങള്‍ പലതും വസ്‌തുതാവിരുദ്ധമാണ് എന്നാണ് ദേശീയമാധ്യമമായ ടൈംസ് നൗവിന്‍റെ 'ഫാക്‌ട് ചെക്ക്' വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസ്‌താവനകളോട് പോലും ഇത് പൊരുത്തപ്പെടുന്നില്ല എന്നും ടൈംസ് നൗ പറയുന്നു. ടൈംസ് നൗവിന്‍റെ വിശകലനത്തില്‍ വ്യക്തമായ കാര്യങ്ങള്‍ ഇതാണ്. 

1. ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹം പാകിസ്ഥാനില്‍ നിയമവിരുദ്ധമാണ്.

ടൈംസ് നൗ പറയുന്നത്- ഹിന്ദു വിവാഹങ്ങള്‍ അംഗീകരിച്ചുകൊണ്ട് 2017ല്‍ പാക് പാര്‍ലമെന്‍റ് നിയമം പാസാക്കി.

2. മതപീഡനം നേരിടുന്ന അഭയാര്‍ഥികള്‍ക്കായാണ് സിഎഎ നടപ്പാക്കുന്നത്.

ടൈംസ് നൗ പറയുന്നത്- അഭയാര്‍ഥികള്‍, മതപീഡനത്തിന് വിധേയമാകുന്നവര്‍ എന്നിങ്ങനെ സിഎഎയില്‍ പരാമര്‍ശമില്ല

3. വളരെയധികം ആത്മസംയമനം പാലിച്ചാണ് പൊലീസ് കലാപകാരികളെ നേരിട്ടത്. 

ടൈംസ് നൗ പറയുന്നത്- പൊലീസ് പ്രതിഷേധക്കാരെ മര്‍ദിക്കുന്ന അനേകം വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.

4. എന്‍ആര്‍സി നിര്‍ബന്ധമാണ്, എല്ലാ രാജ്യങ്ങളും നടപ്പാക്കിയതാണ്.

ടൈംസ് നൗ പറയുന്നത്- എന്‍ആര്‍സിയുടെ കാര്യത്തില്‍ ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്.

5. വോട്ടര്‍ ഐഡി, ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ എന്‍ആര്‍സിക്ക് രേഖയായി പരിഗണിക്കും.

ടൈംസ് നൗ പറയുന്നത്- എന്‍ആര്‍സിയുടെ മാനദണ്ഡങ്ങള്‍ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല. ആധാര്‍ തിരിച്ചറിയല്‍ രേഖയാണെന്ന വാദം ആഭ്യന്തര മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.