Asianet News MalayalamAsianet News Malayalam

അസം പ്രക്ഷോഭം; പൊലീസ് വെടിവെപ്പിന്‍റേത് എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ദൃശ്യങ്ങള്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ പ്രചരിച്ചത്. 

CAB Protests Police Crackdown In Assam Fake Video Circulating in Social Media
Author
Guwahati, First Published Dec 13, 2019, 12:16 PM IST

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ അസം അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അസമിലെ പൊലീസ് വെടിവെപ്പിന്‍റേത് എന്ന തലക്കെട്ടില്‍ ഇതിനുപിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു.

അസം വെടിവെപ്പ് ദൃശ്യങ്ങള്‍?

വാട്‌സാപ്പില്‍ കറങ്ങിനടക്കുന്ന വീഡിയോക്ക് 15 സെക്കന്‍റാണ് ദൈര്‍ഘ്യം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസുകാര്‍ തോക്ക് ചൂണ്ടുന്നതും രണ്ട് പേര്‍ വെടിയേറ്റെന്ന രീതിയില്‍ വീഴുന്നതും ദൃശ്യത്തില്‍ കാണാം. ഓടിയെത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതും വ്യക്തം. അസമിലെ പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെപ്പിന്‍റേത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ ഇതൊക്കെയാണുള്ളത്.  

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമായതോടെ വീഡിയോ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. എന്നാല്‍ ഈ വീഡിയോക്ക് പിന്നിലെ വസ്‌തുത ബൂംലൈവ് ഇപ്പോള്‍ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.

മുന്‍പും വ്യാജ പ്രചാരണങ്ങള്‍!

അസമില്‍ നിന്നല്ല, ഝാര്‍ഖണ്ഡില്‍ നിന്നുള്ളതാണ് ഈ ദൃശ്യം എന്നതാണ് വസ്‌തുത. ഝാര്‍ഖണ്ഡിലെ ഖുണ്ഡി പൊലീസ് നടത്തിയ മോക്‌ ഡ്രില്ലിന്‍റെയാണ് ഈ ദൃശ്യം എന്നാണ് വ്യക്തമായത്. സംഭവം മോക് ഡ്രില്ലാണെന്ന് മറ്റൊരു ആംഗിളിലുള്ള വീഡിയോയും വ്യക്തമാക്കുന്നു. 2017 നവംബര്‍ ഒന്നിന് ഈ വീഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നതായി പരിശോധനകളില്‍ വ്യക്തമായിട്ടുണ്ട്. മധ്യപ്രദേശ് പൊലീസ് കര്‍ഷകരെ വെടിവെക്കുന്നു എന്ന തലക്കെട്ടോടെ നേരത്തെ ഇതേ വീഡിയോ പ്രചരിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios