ദില്ലി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമായി മുന്നോട്ട് പോവുകയാണ്. അതില്‍ ഏറ്റവും പ്രാധാന്യമേറിയ പ്രതിഷേധമാണ് ഷഹീന്‍ബാഗില്‍ നടക്കുന്നത്. ദില്ലി നിയമസഭ തെരഞ്ഞടുപ്പില്‍ അടക്കം വലിയ ചര്‍ച്ചയായി ഷഹീന്‍ബാഗില്‍ നടക്കുന്ന പ്രതിഷേധം മാറിയിരുന്നു.

ഇപ്പോള്‍ ആ പ്രതിഷേധങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി നടക്കുന്ന ഒരു പ്രചാരണത്തിന്‍റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്നിരിക്കുകയാണ് ബൂം ലൈവ്. മുന്‍സിപാലിറ്റി തൊഴിലാളികള്‍ ഷഹീന്‍ബാഗിന്‍റെ പിന്നിലുള്ള അഴുക്കുചാല്‍ വൃത്തിയാക്കിയപ്പോള്‍ കോണ്ടങ്ങള്‍ ലഭിച്ചുവെന്നാണ് പ്രചാരണം.

കോണ്ടങ്ങള്‍ ചിതറി കിടക്കുന്നതിന്‍റെ ചിത്രവും ഒപ്പം ചേര്‍ത്തിട്ടുണ്ട്. ഫേസ്ബുക്കില്‍ നിരവധി പേരാണ് ഈ ചിത്രവും ഈ സന്ദേശവും പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍, 2016ല്‍ പുറത്ത് വന്ന ഒരു ചിത്രമാണ് ഇതെന്നാണ് ബൂം ലൈവ് വ്യക്തമാക്കുന്നത്.

മൂന്ന് വര്‍ഷം പഴയതാണെന്ന് മാത്രമല്ല, ദില്ലിയിലെ ഷഹീന്‍ ബാഗുമായി ഒരുതരത്തിലും ബന്ധമില്ലാത്ത ചിത്രമാണിത്. ngamvn.net എന്ന വെബ്സൈറ്റില്‍ അതേ വാട്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ ഈ ചിത്രം ലഭ്യമാണ്. വിയറ്റ്നാമിസിലാണ് ഈ ചിത്രത്തിന്‍റെ വാട്ടര്‍മാര്‍ക്ക് എഴുതിയിരിക്കുന്നത്.