കൊറോണവൈറസ് ലോകമാകെ പരക്കുമ്പോള്‍ വ്യാജ വാര്‍ത്തകളും അതോടൊപ്പം പ്രചരിക്കുകയാണ്. വിശ്വസനീയമായ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ലോഗോയും പേരും വെച്ചാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. അക്കൂട്ടത്തില്‍ വന്ന അവസാനത്തെ വ്യാജവാര്‍ത്തയാണ് സ്ഥിരമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ കൊറോണവൈറസിനെ ചെറുക്കാമെന്ന പ്രചാരണം. അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ വാര്‍ത്താ ചാനലിന്‍റെ ലോഗോയും സ്ക്രീന്‍ ഷോട്ടും ഉപയോഗിച്ചാണ് ഈ വാര്‍ത്ത ട്വിറ്ററിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുന്നത്. യുഎസ് മാധ്യമപ്രവര്‍ത്തകന്‍ വോള്‍ഫ് ബ്ലിട്സറുടെ ചിത്രം സഹിതമാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. 

സിഎന്‍എന്‍ ചാനലിന്‍റെ പേരില്‍ ഫേസ്ബുക്കിലും വാട്സ് ആപ്പിലും പ്രചരിക്കുന്ന വ്യാജ സ്ക്രീന്‍ ഷോട്ട്

സിഎന്‍എന്നിന്‍റെ സ്ക്രീന്‍ ഷോട്ടില്‍ കൃത്രിമമായി എഴുതിയാണ് വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് വ്യാജ വാര്‍ത്തക്കെതിരെ പൊരുതുന്ന 'ആഫ്രിക്ക ചെക്' എന്ന മാധ്യമം കണ്ടെത്തി. ഇതിന് സമാനമായി മദ്യം കൊറൊണവൈറസിനെ ഇല്ലാതാക്കും, പോളിഷ് വോഡ്ക കൊറോണവൈറസിനെ ഇല്ലാതാക്കും തുടങ്ങിയ വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു. അധികൃതരെ കുഴക്കുന്ന തരത്തിലാണ് ലോകത്താകമാനം കൊറോണവൈറസിനെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. മദ്യം, താപനില, മാംസഭക്ഷണം തുടങ്ങി നിരവധി വ്യാജവാര്‍ത്തകളാണ് പ്രചരിക്കുന്നത്. പലരും വ്യാജവാര്‍ത്തകള്‍ വിശ്വസിച്ച് ചികിത്സ തേടാതിരിക്കുന്ന സാഹചര്യവുമുണ്ടായി. ഇറാനില്‍ വൈറസിനെതിരെ മദ്യം കഴിച്ചാല്‍ മതിയെന്ന വ്യാജ വാര്‍ത്ത വിശ്വസിച്ച് വിഷമദ്യം കഴിച്ച 27 പേര്‍ മരിച്ചിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക