വാഷിംഗ്ടണ്‍: കൊറോണവൈറസിനെതിരെ അണുനാശിനി കുത്തിവെച്ചാല്‍ മതിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തില്‍ അഭിപ്രായവുമായി ആരോഗ്യ പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും രംഗത്ത്. മലേറിയക്കെതിരെയുള്ള മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ കൊവിഡിനെതിരെ ഫലപ്രദമാണെന്ന വാദത്തിന് ശേഷമാണ് ട്രംപ് അണുനാശിനി കുത്തിവെപ്പ്, സൂര്യപ്രകാശ ചികിത്സ നിര്‍ദേശവുമായി രംഗത്തെത്തിയത്. ഹൈഡ്രോക്ലോറോക്വിന്‍ കൊവിഡിന് ഫലപ്രദമാല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടെങ്കിലും ട്രംപ് തിരുത്തിയിരുന്നില്ല. മരുന്നിന്റെ ഇറക്കുമതിക്കായി ട്രംപ് ഇന്ത്യക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.  

വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് സൂര്യപ്രകാശ ചികിത്സയും അണുനാശിനി കുത്തിവെപ്പും ട്രംപ് നിര്‍ദേശിച്ചത്. അള്‍ട്രാവയലറ്റ് ഉള്‍പ്പെടെയുള്ള ശക്തിയേറിയ പ്രകാശങ്ങള്‍ കൊറോണവൈറസിനെ ഇല്ലാതാക്കുമെന്ന് ശാസ്ത്ര ഉപദേശകനും ഹോംലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്യൂരിറ്റ് സെക്രട്ടറി വില്ല്യം ബ്രയാനും  നിര്‍ദേശിച്ചു. വില്ല്യം ബ്രയാന്റെ നിര്‍ദേശത്തെയും ട്രംപ് പിന്താങ്ങി. പിന്നീടായിരുന്നു ട്രംപ് അണുനാശിനി കുത്തിവെപ്പിനെക്കുറിച്ച് നിര്‍ദേശിച്ചത്. അണുനാശിനി അണുക്കളെ കൊല്ലുമെന്നും അതുകൊണ്ട് തന്നെ അണുനാശിനി ശരീരത്തില്‍ കുത്തിവെച്ചാല്‍ അണുക്കള്‍ നശിക്കുമെന്ന ലളിത യുക്തി കാരണമാണ് ട്രംപ് ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞതെന്ന് വിദഗ്ധര്‍ പറയുന്നു. 

അണുനാശിനി കുത്തിവെച്ചാല്‍ എന്ത് സംഭവിക്കും
പ്രസിഡന്റിന്റെ നിര്‍ദേശത്തിനെതിരെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും രംഗത്തെത്തി. അണുനാശിനി നേരിട്ട് ശരീരത്തില്‍ കുത്തിവെക്കുന്നത് മരണത്തിന് വരെ കാരണമായേക്കുമെന്ന് പള്‍മോണോളജിസ്റ്റ് ഡോ. വിന്‍ ഗുപ്ത എന്‍ബിസി ന്യൂസിനോട് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള അണുനാശിനികള്‍ ശരീരത്തില്‍ നേരിട്ട് കുത്തിവെക്കുന്നത് അപകടകരമാണ്. ആത്മഹത്യ ചെയ്യാനാണ് ആളുകള്‍ അണുനാശിനി നേരിട്ട് ഉപയോഗിക്കുകയെന്നും അവര്‍ പറഞ്ഞു. 

ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശങ്ങള്‍ പിന്തുടരരുതെന്ന് ചാള്‍സ്ടണ്‍ വെസ്റ്റ് വിര്‍ജീനിയയിലെ ഡോക്ടര്‍ ഖാഷിഫ് മെഹമൂദ് പറഞ്ഞു. കൊവിഡിനെ പ്രതിരോധിക്കാന്‍ അള്‍ട്രാവയലറ്റ് രശ്മികളോ അണുനാശിനിയോ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. ചില അണുനാശിനികള്‍ ശ്വസിക്കുന്നത് പോലും മരണത്തിന് കാരണമാകുമെന്ന് ഡോ. ജോണ്‍ ബാമ്‌സ് പറഞ്ഞു. നിരവധി ഡോക്ടര്‍മാരും ശാസ്ത്രജ്ഞരുമാണ് ട്രംപിന്റെ നിര്‍ദേശത്തിനെതിരെ രംഗത്തെത്തിയത്. 

വെയിലേറ്റാല്‍ കൊറോണ വൈറസ് ഇല്ലാതാകുമോ
ചൂടില്‍ കൊറോണവൈറസ് ഇല്ലാതാകുമെന്ന വാദം തുടക്കത്തിലേയുണ്ടായിരുന്നു. ലോകത്താകമാനം നിരവധി പേര്‍ ചൂടില്‍ കൊറോണവൈറസ് ഇല്ലാതാകുമെന്ന് വാദമുന്നയിച്ചിരുന്നു. എന്നാല്‍, ഈ വാദത്തിന് ശാസ്ത്രീയ അടിയറയില്ലെന്ന് വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. വൈറസുകള്‍ ഇല്ലാതാകാന്‍ 60 ഡിഗ്രിക്ക് മുകളില്‍ താപനില ഉയരണമെന്ന് സാധാരണ അന്തരീക്ഷോഷ്മാവ് അത്ര ഉയരില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. ലോക ആരോഗ്യ സംഘടനയും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

എന്നാല്‍, ഇടവേളക്ക് ശേഷം ട്രംപിന്റെയും ബ്രയാന്റെയും വാദത്തോടെ താപനില വൈറസിനെ ഇല്ലാതാക്കുമോ ഇല്ലയോ എന്ന വാദം വീണ്ടുമയര്‍ന്നേക്കും. അള്‍ട്രാവയലറ്റ് ചികിത്സയും ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു.