കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ മരണ സംഖ്യ ഉയരുന്ന സാഹചര്യത്തില്‍ ഒട്ടും വൃത്തിയില്ലാത്ത ചൈനയില ചന്ത എന്ന പേരില്‍ വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നിലെ സത്യം മറ്റൊന്നാണ്. ചൈനയിലേതെന്ന പേരില്‍ പ്രചരിക്കുന്ന ആ ചന്ത യഥാര്‍ത്ഥത്തില്‍ ഇന്തോനേഷ്യയിലേതാണ്. 'കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിലെ മാര്‍ക്കറ്റ്' എന്ന കുറിപ്പോടെയാണ് വീഡിയോ ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. 

ഇതേ തെറ്റായ കുറിപ്പോടെത്തന്നെയാണ് ഫേസ്ബുക്കില്‍ മിക്കവരും ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്. ബൂം വെബ്സൈറ്റാണ് വീഡിയോയുടെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവന്നത്. ഇന്തോനേഷ്യയിലെ നോര്‍ത്ത് സുലവെസിയിലാണ് പസാര്‍ ട്രഡീഷണല്‍ ലംഗോവന്‍ എന്ന ഈ മാര്‍ക്കറ്റ്. 

വീഡിയോയില്‍ ആദ്യത്തെ കുറച്ച് ഭാഗങ്ങളില്‍ പസാര്‍ ട്രഡീഷണല്‍ ലംഗോവന്‍ എന്ന് എഴുതിയിട്ടുണ്ട്. ഇത് തെരഞ്ഞാണ് ഈ വീഡിയോ ഇന്തോനേഷ്യയിലെ ചന്തയിലേതാണെന്ന് വ്യക്തമായത്. എലി, പാമ്പ്, വവ്വാല്‍, പട്ടി എന്നിങ്ങനെയുള്ള മൃഗങ്ങളുടെ മാംസം ലഭിക്കുന്നതാണ് ഈ സ്ഥലം. 2019 ജൂലൈ 20ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോയിലും സമാനമായ  കുറിപ്പുണ്ടായിരുന്നു, 'പസാര്‍ ട്രഡീഷണല്‍ ലംഗോവന്‍'.

ഈ വീഡിയോയ്ക്കും വൈറലായ വീഡിയോയ്ക്കും ഒരുപാട് സമാനതകള്‍ ഉണ്ട്. ഇരു വീഡിയോകളിലും കാണുന്നത് ഒരേ കെട്ടിടമാണ്. ആ കെട്ടിടത്തില്‍ 'Government of Minahasa Regency' എന്ന് ഇന്തോനേഷ്യന്‍ ഭാഷയില്‍ എഴുതിയിട്ടുണ്ട്. ധാരാളം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പസാര്‍ ട്രഡീഷണല്‍ ലംഗോവനെ കുറിച്ച് വിവരണങ്ങള്‍ വന്നിട്ടുണ്ട്. 

വുഹാനിലെ ഹുനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 2019 ല്‍ കുറച്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതിന് സമാനമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. പലര്‍ക്കും ന്യൂമോണിയ പിടിപെട്ടിരുന്നു. കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ഈ മാര്‍ക്കറ്റ് അടച്ചു.