ദില്ലി: കൊവിഡിനെ കുറിച്ച് എച്ച്ഡിഎഫ്‍സി ബാങ്ക് എംഡി ആദിത്യ പുരി നടത്തിയ നിരീക്ഷണങ്ങളും പ്രവചനങ്ങളും എന്ന പേരില്‍ പ്രചരിക്കുന്ന വൈറല്‍ സന്ദേശം വ്യാജം. കൊവിഡ് 19 മഹാമാരിയെ ഇന്ത്യ എന്തുകൊണ്ട് പൊരുതിത്തോല്‍പിക്കും എന്ന് പുരി ഒരു അഭിമുഖത്തില്‍ പറഞ്ഞതായും അതിലെ സുപ്രധാന പോയിന്‍റുകള്‍ ഇവയാണെന്നും ദീര്‍ഘമായ സന്ദേശത്തില്‍ പറയുന്നു. നിരവധി പേരാണ് ആദിത്യ പുരിയുടെ പേരിലുള്ള വ്യാജ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

 

ഇംഗ്ലീഷിലുള്ള കുറിപ്പ് മാത്രമല്ല, മലയാളത്തിലും ഈ സന്ദേശം പ്രചരിച്ചു എന്നതാണ് കൗതുകം. കേരളത്തിലെ വാട്‍സ്ആപ്പ് ഗ്രൂപ്പുകളിലും 'ആദിത്യ പുരിയുടെ വാക്കുകള്‍' വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. അതിന്‍റെ പകര്‍പ്പ് ചുവടെ. 

'എച്ച്ഡിഎഫ്‍സി ബാങ്ക് എംഡി ആദിത്യ പുരിയുടെ വാക്കുകള്‍ ആണ്...
അതിന്‍റെ പരിഭാഷ ഇവിടെ നല്‍കുന്നു
അഭിമുഖത്തിൽ നിന്നുള്ള പ്രധാന ടേക് ഹോം പോയിന്റുകൾ... 

1. ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ കൊറോണ ബാധിക്കുന്നില്ല, മാത്രമല്ല അത് ശക്തമായി തുടരുകയുമാണ്
2. ഇന്ത്യ, ഒരു യുവജന രാഷ്ട്രമായതിനാൽ യൂറോപ്പിനെ അപേക്ഷിച്ച് കൊറോണയുടെ ആരോഗ്യപരമായ തിരിച്ചടി ഉണ്ടായിരിക്കില്ല.
3. വ്യാപാരികളും ചെറുകിട ഷോപ്പുകളും വൻ കടബാദ്ധ്യതകളിൽ ആയിരിക്കില്ല. അതിനാൽ ഇത്തരം കടകൾ വീണ്ടും തുറന്നുകഴിഞ്ഞാൽ കൂടുതൽ ശക്തമാകും.
4. എണ്ണവിലയിലുണ്ടായ ഇടിവ് പണപ്പെരുപ്പവും മറ്റ് ചെലവുകളും കുറയ്ക്കും.
5. നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തര ഉപഭോഗം ശക്തമാണ്.
6.  ഇന്ത്യയെ 14 ദിവസമോ 28 ദിവസമോ (രണ്ട് സൈക്കിളുകൾ) പൂട്ടിയിട്ടാൽ പോലും അത് സൃഷ്ടിക്കുന്ന സാമ്പത്തിക നഷ്ടത്തിൽ നിന്നും ഇന്ത്യ പെട്ടന്ന് കരകയറും. 
7. സ്റ്റോക്ക് മാർക്കറ്റ് തകരാറിലാവുകയും കുറച്ച് സർക്യൂട്ടുകൾ അടയ്ക്കുകയും ചെയ്താൽ പ്രധാനമായും ഓട്ടോമേറ്റഡ് അൽഗോരിതം കാരണം സ്റ്റോക്ക് വിൽപ്പനയ്ക്ക് നിർബന്ധിതരാകുകയും അതിൽ വലുതായി  വിഷമിക്കേണ്ട കാര്യമില്ല.
8. വീട്ടിൽ നിന്നുള്ള ജോലി എല്ലാ കമ്പനികൾക്കുമായുള്ള ചെലവ് കുറയ്ക്കുന്നു, അത് ലാഭം ക്രമേണ വർദ്ധിച്ചേക്കാം.

ഈ ഇരുണ്ട ദിവസങ്ങളിൽ ഏറ്റവും സാധ്യതയുള്ള ചില  ശുഭ പ്രവചനങ്ങൾ 

1. ജൂൺ മാസത്തോടെ ഈ മഹാമാരിയുടെ പിടിയിൽ നിന്ന് മോചിതരായ ആദ്യത്തെ രാജ്യമായിരിക്കും ഇന്ത്യ.
2. ദേശീയ ലോക്ക്ഡൗൺ, ചൂടുള്ള കാലാവസ്ഥ, ഉയർന്ന പ്രതിരോധശേഷി എന്നിവ നമ്മൾക്കു അനുകൂല ഘടകങ്ങൾ ആകും. 
3. ഞങ്ങൾ ഏറ്റവും കൂടുതൽ മരുന്നുകൾ കയറ്റുമതി ചെയ്യുന്നവരായിരിക്കും, കൂടാതെ ബിസിജി വാക്സിനുകൾ, മലേറിയ വിരുദ്ധ മരുന്നുകൾ ഹൈഡ്രോക്സി ക്ലോറോക്വിൻ മുതലായവ പതിവായി വിതരണം ചെയ്യുന്നതിനായി ലോകം ഞങ്ങളെ നോക്കും.
4. ലോകമെമ്പാടുമുള്ള കോർപ്പറേഷനുകൾ ചൈനയിൽ നിന്നും കേന്ദ്രപ്രവർത്തനം നിർത്തി ഇന്ത്യയിൽ ഉൽപ്പാദന സൗകര്യങ്ങൾ സ്ഥാപിക്കും. 100 യുഎസ്എ കമ്പനികളും 200 ജാപ്പനീസ് കമ്പനികളും ഇതിനകം തന്നെ ചൈന വിട്ടുപോകുന്നു. 
ഇന്ത്യ മൊബൈൽ ഫോണുകൾ മുതൽ ഫാർമസ്യൂട്ടിക്കൽസ് വരെയുള്ള എല്ലാ ഇനങ്ങളുടെയും നിർമ്മാണ കേന്ദ്രമായി മാറും. ഇന്ത്യൻ ജനത സത്യസന്ധരും കഠിനാധ്വാനികളും കഴിവുള്ളവരും വിശ്വസനീയരുമാണെന്നും ഏറ്റവും വലുതും മികച്ചതുമായ ബ്രാൻഡുകൾ മനസ്സിലാക്കും.
5. തൊഴിലില്ലായ്മ നിരക്ക് കുറയും.
6 . നമ്മുടെ വെജിറ്റേറിയൻ, മസാല പാചകരീതി ലോകമെങ്ങും കൂടുതൽ കൂടുതൽ സ്വീകരിക്കപ്പെടും. 
7. ലോകമെമ്പാടുമുള്ള ഇന്ത്യൻ കോൺസുലേറ്റുകൾക്ക് മുൻപിൽ കൂടുതൽ ആളുകൾ സന്ദർശന വിസക്കായി അണിനിരക്കും, കൂടാതെ ഇന്ത്യ സന്ദർശിക്കുന്നതിനുള്ള വിസകൾ കുറച്ചു ഇടവേളയ്ക്ക് ശേഷം പരിശോധനയ്ക്ക് ശേഷം നൽകും. ടൂറിസം, ക്ഷേമം, സൂര്യപ്രകാശം എന്നിവയ്ക്കായി ആളുകൾ ഇവിടെയെത്തും.
8. നമ്മുടെ  മെഡിക്കൽ  ഉപകരണ നിർമ്മാണ സൗകര്യങ്ങൾ, എളുപ്പത്തിൽ‌ ലഭ്യത, വേഗം, വില കാര്യക്ഷമത എന്നിവയെ ലോകം വിലമതിക്കും.
9. ആയുർവേദവും പ്രകൃതിചികിത്സയും വളരെ ജനപ്രിയമാകും. യോഗ, പ്രാണായാമ അധ്യാപകർക്ക് വലിയ ഡിമാൻഡുണ്ടാകും. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല മാർഗം ശ്വാസകോശത്തിന് വ്യായാമം ചെയ്യുക എന്നതാണ്.
10. വിദേശത്തേക്ക് കുടിയേറിയ മികച്ച ഇന്ത്യൻ തലച്ചോറുകളും ആരോഗ്യകരവും സമ്പന്നവുമായ മാതൃരാജ്യത്തിലേക്ക് മടങ്ങിവരുന്നതിൽ സന്തോഷിക്കും. ഉൽ‌പാദനം വർദ്ധിച്ചതിനാൽ അവരുടെ ശമ്പളവും താങ്ങാനാകുന്നതാണ്-
" മെയ്ക്ക് ഇൻ ഇന്ത്യ " കൂടുതൽ മേഖലകളിൽ യാഥാർത്ഥ്യമാകും.
11. 2020ൽ ലോകം ചരിത്രത്തിലെ ഒരു വലിയ വഴിത്തിരിവിൽ ആയിരിക്കും. അതിന്റെ വലിയ ഒരു മാറ്റം തുടങ്ങുന്നതു ഇന്ത്യയിലായിരിക്കും'.

പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് എച്ച്ഡിഎ‍ഫ്‍സി ബാങ്ക് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ തലവന്‍ നീരജ് ജാ വ്യക്തമാക്കി. 'പ്രചരിക്കുന്ന കുറിപ്പില്‍ നല്‍കിയിരിക്കുന്ന ചില വാക്കുകള്‍ ആദിത്യ പുരിയുടേ അവസാന അഭിമുഖങ്ങളില്‍ നിന്നുള്ളതാണ്. എന്നാല്‍ ഭൂരിഭാഗം പോയിന്‍റുകളും അനാവശ്യമായി അദേഹത്തിന്‍റെ പേരില്‍ ആരോപിക്കുന്നതാണ്. പുരിയുടെ എല്ലാ പ്രധാന അഭിമുഖങ്ങളും വെബ്‍സൈറ്റില്‍ നല്‍കിയിട്ടുണ്ട്, ചിലത് ട്വിറ്ററിലുണ്ട്' എന്നും നീരജ് ജാ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. 

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രമുഖരുടെ പേരില്‍ വ്യാജ പ്രചാരണം ഇതാദ്യമല്ല. പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെയും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍റെയും പേരില്‍ നേരത്തെ വ്യാജ ഉദ്ധരണികള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കി ഇരുവരും രംഗത്തെത്തുകയും ചെയ്തു. 

Read more:രത്തൻ ടാറ്റയുടെ മാത്രമല്ല, രഘുറാം രാജന്റെ പേരിലുള്ള വ്യാജ പ്രചാരണവും പൊളിഞ്ഞു