ശ്രീനഗര്‍: ജമ്മുകശ്മീരിൽ ഭീകരർക്കൊപ്പം കസ്റ്റഡിയിലെടുത്ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദർ സിം​ഗിനെ സത്യത്തില്‍ രാഷ്ട്രപതി അവാര്‍ഡ് കിട്ടിയിട്ടുണ്ടോ? കഴിഞ്ഞ വർഷം ഓ​ഗസ്റ്റ് 15ന് രാഷ്ട്രപതിയില്‍ നിന്ന് ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു പ്രചാരണങ്ങള്‍. 

മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്ത് അറസ്റ്റിലായ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വിവരങ്ങള്‍ പുറത്തുവിടുന്നതിനൊപ്പമാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചയാളാണ് ദേവീന്ദർ സിം​ഗ് എന്ന വിവരവും പുറത്ത് വരുന്നത്. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചതെന്നും വിവരം പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ചേരിതിരിഞ്ഞായി. 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദേവീന്ദര്‍ സിംഗിന് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചിട്ടുണ്ടോ? ഇല്ലെന്നാണ് ഇന്ത്യ ടൈംസ് നടത്തിയ ഫാക്ട് ചെക്ക് കണ്ടെത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ ടൈംസിന്‍റെ കണ്ടെത്തല്‍. 2019 ഓഗസ്റ്റ് 15 ന് അവാര്‍ഡ് ലഭിച്ചയാളുകളുടെ പട്ടികയില്‍ ദേവീന്ദര്‍ സിംഗിന്‍റെ പേരുണ്ട്. 

എന്നാല്‍ ഇയാള്‍ക്ക് ലഭിച്ച അവാര്‍ഡ് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡല്‍ അല്ല. മികച്ച സേവനത്തിനുള്ള പൊലീസ് മെഡലാണ് ദേവീന്ദര്‍ സിംഗിന് ലഭിച്ചത്. ഇതാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡലായി പ്രചരിപ്പിക്കപ്പെട്ടത്. പ്രചാരണം വ്യാപകമായതോടെ ഈ വിവരം ജമ്മു കശ്മീര്‍ പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ധീരതയ്ക്കുള്ള അവാര്‍ഡല്ല ദേവീന്ദര്‍ സിംഗ് നേടിയത്, ജമ്മുകശ്മീരിലെ സേവനങ്ങള്‍ക്കുള്ള ഗാലന്‍റ്രി മെഡല്‍(2018) മാത്രമാണ് ലഭിച്ചതെന്ന് ട്വീറ്റ് വിശദമാക്കുന്നു. 

ജനുവരി 11 ന് കുല്‍ഗാമില്‍ നിന്നാണ് ദേവീന്ദർ സിം​ഗിനെ അറസ്റ്റ് ചെയ്യുന്നത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരായ നവീദ് ബാബ, അല്‍താഫ് എന്നിവര്‍ക്കൊപ്പമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.