തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് മാത്രം ആറ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് വന്ന റാന്നിയിലെ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ആറ് പേരും. ഇറ്റലിയിൽ നിന്ന് എത്തിയ കുടുബത്തെ സ്വീകരിക്കാൻ എയര്‍പോര്‍ട്ടിൽ പോയ രണ്ട് പേര്‍ക്കും, വീട്ടിലെ പ്രായമായ അച്ഛനും അമ്മക്കും, റാന്നിയിൽ തന്നെ കുടുംബവുമായി അടുത്തിടപഴകിയ മറ്റ് രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലയാള സിനിമകളുടെ പ്രദർശനവും ഷൂട്ടിം​ഗും നിർത്തിവയ്ക്കും.  പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് ശക്തമായ പ്രതിരോധനടപടികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പരീക്ഷകൾ പൂർണമായും നിർത്തുകയും മ​ദ്രസകളടക്കം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി നൽകുകയും ചെയ്തിട്ടുണ്ട്. കൊവിഡ് 19നെ പ്രതിരോധിക്കാന്‍ സംസ്ഥാനം ഒന്നാകെ പൊരുതുമ്പോള്‍ വ്യാജ വാര്‍ത്തകളും വേഗത്തില്‍ പ്രചരിക്കുന്നുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രധാനമായും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അതില്‍ ഒന്നാണ് മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ അടച്ചിടുമെന്നുള്ളത്. നിലവില്‍ കൊവിഡ് 19 സ്ഥിരീകരിച്ച റാന്നി ഭാഗത്തെ ചില ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ മാത്രമാണ് അടച്ചിട്ടിരിക്കുന്നത്. 

മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ അടച്ചിടുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി സപ്ര്‍ജന്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഔട്ട്‍ലൈറ്റുകളിലേക്ക് നിയന്ത്രിക്കാനാവാത്ത വിധം ആളുകള്‍ എത്തുമോയെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.