ജാമിയ മിലിയ ഇസ്‍ലാമിയ സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധത്തിന്‍റെ മുഖമായ പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിട്ടുവോ? ജാമിയ മിലിയയില്‍ നിന്നുള്ള പ്രതിഷേധത്തിനിടയിലുള്ള ദൃശ്യങ്ങള്‍ രാജ്യമെമ്പാടും പ്രചരിക്കുകയും നിരവധിപ്പേര്‍ ജാമിയ മിലിയ പ്രതിഷേധത്തിന് പിന്തുണയുമായി എത്തുകയും ചെയ്തതോടെയാണ് പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ക്ക് രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിട്ടിട്ടുണ്ടെന്ന രീയില്‍ പ്രചാരണം വന്നത്. രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ഹിജാബ് ധരിച്ച പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ചായിരുന്നു പ്രചാരണം. 

എന്നാല്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്ന പെണ്‍കുട്ടികള്‍ രണ്ട് പേരാണ് എന്ന് ബൂം ലൈവ് നടത്തിയ ഫാക്ട് ചെക്കില്‍ വ്യക്തമായി. ദിലിപ് സഹൂ എന്ന ഫേസ്ബുക്ക് പ്രൊഫലില്‍ നിന്നായിരുന്നു ഈ ചിത്രങ്ങള്‍  വ്യാപകമായി പ്രചരിച്ചത്

.

ദില്ലി പൊലീസിനെ രൂക്ഷമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് ജിഹാദിന്‍ പെണ്‍കുട്ടി രാഹുല്‍ ഗാന്ധിക്കൊപ്പമെന്ന അര്‍ത്ഥത്തിലുള്ള കുറിപ്പുമായാണ് ചിത്രം വൈറലായത്. നിരവധി ആളുകള്‍ പല സമൂഹമാധ്യമങ്ങളില്‍ ചിത്രം ഷെയറുകയും ചെയ്തു. 

എന്നാല്‍ വയനാട് മണ്ഡലത്തില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി കരുവാരക്കുണ്ട് ഗവണ്‍മെന്‍റെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് വ്യാപകമായി ദുരുപയോഗം ചെയ്തത്.

 

രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം തര്‍ജമ ചെയ്യാനെത്തിയ സഫ ഫെബിന്‍ എന്ന പതിനേഴുകാരിയുടെ ചിത്രമാണ്  ജാമിയ മിലിയ വിദ്യാര്‍ത്ഥിനികളായ ആയിഷ റെന്ന, ലെദീദ ഫര്‍സാന എന്നിവരുടെ ചിത്രത്തിന് പേരില്‍ ഉപയോഗിച്ചിരിക്കുന്നത്.  കരുവാരക്കുണ്ടില്‍ നിന്ന് രാഹുല്‍ ഗാന്ധിയോടൊപ്പം ചിത്രമെടുത്ത മറ്റുള്ളവരുടെ ദൃശ്യങ്ങളും വ്യാജപ്രചാരണത്തിന് വ്യാപകമായി ഉപയോഗിച്ചതായി ബൂം ലൈവിന്‍റെ ഫാക്ട് ചെക്കില്‍ വ്യക്തമായി.