കൊല്‍ക്കത്ത: കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയുടെ യാഥാര്‍ത്ഥ്യം പുറത്തുവന്നിരിക്കുകയാണ്. സെക്കന്തരാബാദിലെ റെയില്‍വെ സ്റ്റേഷനില്‍ വച്ച് ട്രെയിനിന് മുകളില്‍ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചെന്നതായിരുന്നു വീഡിയോ പ്രചരിപ്പിച്ചവര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ സംഭവം നടന്നത് സെക്കന്തരാബാദിലായിരുന്നില്ല, പകരം പശ്ചിമ ബംഗാളിലെ ഒരു റെയില്‍വെ സ്റ്റേഷനിലായിരുന്നു സംഭവം നടന്നത്. ട്രെയിനിന് മുകളില്‍ കയറി നില്‍ക്കുന്ന യുവാവിന് നിമിഷം നേരെകൊണ്ട് ഷോക്കടിക്കുന്ന വീഡിയോ നവംബര്‍ 19ന് ഷെയര്‍ ചെയ്തിരിക്കുന്നത് സെക്കന്തരാബാദില്‍ നടന്ന സംഭവം എന്ന പേരിലാണ്. 25 സെക്കന്‍റ് ദൈര്‍ഘ്യമുള്ളതാണ് ഈ വീഡിയോ. 

ഇതേ വീഡിയോ സമാനകുറിപ്പുമായി ട്വിറ്ററിലും ഷെയര്‍ ചെയ്തിരുന്നു. അടുത്തിടെ ഉണ്ടായ ഈ സംഭവം യഥാര്‍ത്ഥത്തില്‍ നടന്നത് പശ്ചിമ ബംഗാളിലെ മാല്‍ഡയിലായിരുന്നു. വീഡിയോയുടെ ഏറ്റവും മുകളില്‍ ഇടതുവശത്തായി എംടിഎല്‍ഡി(MTLD) എന്ന് വ്യക്തമായി കാണാം. ഇത് മാല്‍ഡ റെയില്‍വെ സ്റ്റേഷനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്. ആള്‍ട്ട് ന്യൂസ് ആണ് വീഡിയോയുടെ നിജസ്ഥിതി പുറത്തുകൊണ്ടുവന്നത്.