നാല് ചിത്രങ്ങൾ. നാലിലും വ്യത്യസ്തമായ നാലുതരം മാസ്കുകൾ ധരിച്ച് പൊതുഇടങ്ങളിൽ നടക്കുന്ന സ്ത്രീകൾ. ഗ്യാസ് മാസ്കുകൾ, വളരെ വിചിത്രമായ ഡിസൈനോട് കൂടിയ ചില മുഖാവരണങ്ങൾ എന്നിവ ഈ ചിത്രങ്ങളിൽ കാണാം. കൊവിഡ് 19 മഹാമാരിയോടുള്ള പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് ലോകമെമ്പാടും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ' പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധം' എന്ന പരിപാടി ഒരു നൂറ്റാണ്ടു മുന്നേ ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കലാണ് ഈ പ്രചാരണത്തിന്റെ ഉദ്ദേശ്യം.

പ്രചാരണം ഇങ്ങനെ

ഈ നാലു ചിത്രങ്ങൾ 'The Wierd Tales' അടക്കം പലരും പ്രചരിപ്പിച്ച് കാണുന്നുണ്ട്.  "Spanish Flu" (1918-1920) Glimpses from the last #pandemic over a 100 years ago. Life has come a full circle and we still stand at the same spot. History repeats! #WeAreInThisTogether Again. #Theweirdtales #funnyfails #fails #100waystodie" എന്നാണ് ട്വീറ്റിന്റെ കാപ്‌ഷൻ.

ചിത്രം സ്പാനിഷ് ഫ്ലൂ കാലത്തേത് തന്നെയോ? വസ്തുത

ഈ പ്രചരിക്കുന്ന ചിത്രങ്ങൾക്ക് 1918 -ൽ ലോകമെമ്പാടും പടർന്നു പിടിച്ച മഹാമാരിയായ സ്പാനിഷ് ഫ്ലൂവുമായി പുലബന്ധമില്ല എന്നതാണ് വസ്തുത.

വസ്‌തുതാ പരിശോധനാ രീതി

ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ വസ്തുതാ പരിശോധനയിൽ ഈ ചിത്രങ്ങൾ ഒന്നും തന്നെ സ്പാനിഷ് ഫ്ലൂ എന്ന മഹാമാരിയുമായി ബന്ധപ്പെട്ടതല്ല എന്ന് വ്യക്തമായി. റിവേഴ്‌സ് ഇമേജ് സെർച്ച് വഴി ഓരോ ചിത്രത്തിന്റെയും യഥാർത്ഥ കാലഗണന സാധ്യമായതോടെ ഈ പ്രചാരണത്തിന്റെ കള്ളി വെളിച്ചത്തായി.

ഒന്നാമത്തെ ചിത്രം

പ്രൊഫഷണൽ ഗ്യാസ് മാസ്ക് ധരിച്ചു കൊണ്ട് നാലു ചക്രമുള്ളൊരു ട്രോളിയും തള്ളിക്കൊണ്ട് പോകുന്ന രണ്ടു യുവതികളാണ് ചിത്രത്തിൽ. ഈ ചിത്രം 1941 -ൽ, അതായത് സ്പാനിഷ് ഫ്ലൂ വന്നുപോയി രണ്ടു പതിറ്റാണ്ടെങ്കിലും കഴിഞ്ഞ്, എടുത്തതാണ്.

 ഈ ചിത്രത്തെ ഞങ്ങൾ Getty Images -ന്റെ സ്റ്റോക്കിൽ കണ്ടെത്തി. അതിന്റെ ക്യാപ്ഷനിൽ ഈ ചിത്രത്തെക്കുറിച്ചുള്ള വിശദമായ വർണനകളുണ്ട്.

" 1941  ജൂൺ 9 . കിങ്സ്റ്റണിൽ നടന്ന അപ്രതീക്ഷിത ഗ്യാസ് റെസ്റ്റിനിടെ തന്റെ കുഞ്ഞിനെ പ്രാമിൽ ഇരുത്തി തള്ളിക്കൊണ്ട് പോകുന്ന ഗ്യാസ് മാസ്ക് അണിഞ്ഞ അമ്മ." എന്നാണ് ക്യാപ്ഷൻ പറയുന്നത്. Photo Credits: Keystone/Getty Images.

രണ്ടാമത്തെ ചിത്രം

കോൺ ആകൃതിയിലുള്ള പ്ലാസ്റ്റിക് മാസ്കുകൾ ധരിച്ച രണ്ടു യുവതികളാണ് ചിത്രത്തിൽ ഈ ചിത്രത്തിന്റെ ഒരു ആധികാരിക പതിപ്പ് 'Flickr' -ൽ ഞങ്ങൾ കണ്ടെത്തി.

 

 

ഈ ചിത്രം എടുത്തിരിക്കുന്നത് 1939 -ൽ കാനഡയിലെ മോൺട്രിയലിൽ വെച്ചാണ് എന്നും, ഈ രണ്ടു യുവതികളും അവിടത്തെ ഹിമവാതങ്ങളെ തടയാൻ വേണ്ടിയാണ് ഇങ്ങനെ ഒരുപായം തേടിയതെന്നും വ്യക്തമായിട്ടുണ്ട്.

മൂന്നാമത്തെ ചിത്രം

സ്കാർഫ് പോലുള്ള മുഖാവരണങ്ങളും ധരിച്ചുകൊണ്ട് തെരുവിലൂടെ നടന്നു നീങ്ങുന്ന ഈ യുവതികൾ 1913 -ലാണ് ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ടത് എന്ന് Alamy -യിൽ ലഭ്യമായ ഈ ചിത്രത്തിന്റെ ഒരു ആധികാരിക വേർഷൻ സാക്ഷ്യപ്പെടുത്തുന്നു. പ്രസ്തുത ഫോട്ടോയുടെ ക്യാപ്‌ഷൻ ഇങ്ങനെ, " ചരിത്രത്തിന്റെ ഭാഗമാകയാൽ പിഴവുകൾ ഈ ചിത്രത്തിലും ഉണ്ടാകാം. ഇത് 1913 -ൽ പ്രചാരത്തിലുണ്ടായിരുന്ന ലേഡീസ് ഫാഷനാണ്. തുർക്കിയിൽ നിന്നുള്ള മൂക്ക് മറച്ചുകൊണ്ടുള്ള മുഖോത്തരീയങ്ങളെ മാതൃകയാക്കി പുറത്തിറങ്ങിയ ഒരു പുതുപുത്തൻ ഫാഷൻ." Photo Credits: Sueddeutsche Zeitung.

 യൂറോപ്പിലെ ബാൽക്കൻസിൽ നടന്ന യുദ്ധം കൊണ്ടുവന്ന പുത്തൻ ഫാഷൻ എന്നാണ് ഫോട്ടോയുടെ ക്യാപ്ഷനിൽ പറഞ്ഞിട്ടുള്ളത്. തുർക്കിയിൽ നൂറ്റാണ്ടുകളായി പ്രചാരത്തിലുണ്ടായിരുന്ന ഈ സവിശേഷ മുഖാവരണം യൂറോപ്പിലെത്തിച്ചത് ആ യുദ്ധമായിരുന്നത്രെ.

നാലാമത്തെ ചിത്രം

ഈ ചിത്രം പകർത്തപ്പെട്ടിരിക്കുന്നത് 1953 കാലത്തെ ഫിലാഡൽഫിയയിൽ വെച്ചാണ്. ഈ ചിത്രത്തിന്റെ ആധികാരികമായ ഒരു കോപ്പി ഞങ്ങൾ പല വെബ്സൈറ്റുകളുടെയും ഫോട്ടോ ഗ്യാലറിയിൽ കണ്ടെത്തിയിട്ടുണ്ട്. ക്യാപ്ഷൻ ഇങ്ങനെ " യുദ്ധകാലത്ത് ബാക്കി വന്ന ഗ്യാസ് മാസ്കുകൾ അണിഞ്ഞു നിൽക്കുന്ന മെറിയൽ ബുഷ്, റൂത്ത് ന്യൂവർ എന്നിവർ. തുടർച്ചയായ രണ്ടാം ദിനവും ഫിലാഡൽഫിഎയുടെ തെരുവുകളിൽ പടർന്ന സ്മോഗ് കാരണമുണ്ടാകുന്ന കണ്ണെരിച്ചിലിൽ നിന്ന് രക്ഷപ്പെടാൻ യുവതികൾ സ്വീകരിച്ച മാർഗം.  

 തീയതി 1953 നവംബർ 20. അസോസിയേറ്റഡ് പ്രസ് ഫോട്ടോ.

നിഗമനം

1918 -ൽ പൊട്ടിപ്പുറപ്പെട്ട ഒരു H1N1 വൈറസ് പനിബാധയാണ് പിന്നീട് സ്പാനിഷ് ഫ്ലൂ എന്ന പേരിൽ അറിയപ്പെട്ടത്. അന്ന് സമ്പർക്കമാർഗ്ഗങ്ങൾ കുറവായിരുന്നതു കൊണ്ട് ലോകമെമ്പാടും ഒരേസമയം പടർന്നു പിടിച്ചിരുന്ന ഈ മഹാമാരി തങ്ങളുടെ നാട്ടിൽ മാത്രമേ ഉള്ളൂ എന്ന തെറ്റിദ്ധാരണപ്പുറത്ത് സ്പെയിൻകാർ ഇരുന്നതാണ് ഈ പേരിനു പോലും കാരണം. രണ്ടു വർഷത്തിനുള്ളിൽ 50 കോടിയിലധികം പേരെ ബാധിച്ച ഈ രോഗം, 10 കോടിയില്പരം പേരുടെ ജീവനപഹരിച്ച ശേഷമാണ് ഈ ലോകത്തെ വിട്ടുപോയത്.  ഒന്നരക്കോടിയോളം ഇന്ത്യക്കാരും അന്ന് ഈ മഹാമാരിക്ക് ഇരയായി. ലോകചരിത്രത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു ഇരുളടഞ്ഞ അധ്യായം തന്നെയായിരുന്നു മരണം സംഹാരനൃത്തമാടിയ സ്പാനിഷ് ഫ്ലൂ എങ്കിലും, ഈ നാലുചിത്രങ്ങൾക്ക് ഉത്തരവാദി ആ മഹാമാരിയല്ല.