ദില്ലി: കൊറോണ വൈറസ് വ്യാപനത്തിനെതിരെ ശക്തമായ നീക്കങ്ങള്‍ക്കാണ് രാജ്യത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്നത്. ഇത് പ്രകാരം ഇരുപത്തിയൊന്ന് ദിവസത്തെ ലോക്ക്ഡൗണിലാണ് രാജ്യം. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ പ്രചരിച്ച ഒരു ചിത്രമുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍റെയാണ് ഇത്, രാജ്യത്തെ ആരോഗ്യ മന്ത്രി സ്വന്തം വീട്ടിലിരുന്ന് ഭാര്യയ്ക്കൊപ്പം ബോര്‍ഡ് ഗെയിമായ ലുഡോ കളിക്കുന്നതിന്‍റെ ചിത്രമാണ് വ്യാപകമായി പ്രചരിച്ചത്.

 

കൊവിഡ് ഭീഷണിയില്‍ രാജ്യം നില്‍ക്കുമ്പോള്‍ രാജ്യത്തിന്‍റെ ആരോഗ്യമന്ത്രി ലോക്ക്ഡൗണ്‍ ആസ്വദിച്ച് വീട്ടിലിരിക്കുകയും, വിനോദങ്ങളില്‍ ഏര്‍പ്പെടുകയാണ് എന്നുമാണ് ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലെ പ്രചരണം. പങ്കജ് പുനിയ പോലുള്ള വെരിഫൈഡ് അക്കൗണ്ടുകള്‍ പോലും സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം പ്രചരിപ്പിച്ചിട്ടുണ്ട്. 

എന്നാല്‍ ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം തേടി ഈ ചിത്രം റിവേഴ്സ് സെര്‍ച്ച് നടത്തിയാല്‍ ലഭിക്കുന്ന ഫലം മെയ് 14, 2019 ലെ ട്രൈബ്യൂണിന്‍റെ വാര്‍ത്തയാണ്. ഇത് പ്രകാരം ഈ ചിത്രം കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലുള്ളതാണ്. ദില്ലിയില്‍ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇടവേളയെടുത്ത ബിജെപി നേതാക്കള്‍ ഒഴിവ് സമയം ആസ്വദിക്കുന്നു എന്നതാണ് വാര്‍ത്തയുടെ ഉള്ളടക്കം. ഇത് വച്ചാണ് ഇപ്പോള്‍ ലോക്ക്ഡൗണ്‍ കാലത്ത് കേന്ദ്ര ആരോഗ്യമന്ത്രി ലുഡോ കളിക്കുന്നു എന്ന വാര്‍ത്ത വരുന്നത്.