ആലപ്പുഴ: സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള കൊവിഡ് 19 വ്യാജ വാര്‍ത്തകള്‍ കേരളത്തിലും സജീവം. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ഭാഗത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ച ഒരു പ്രചാരണത്തിന് പിന്നിലെ വസ്‌തുത ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 'അമ്പലപ്പുഴ ഭാഗത്തുള്ളവര്‍ കച്ചേരിമുക്കിലെ ഷോപ്പുകളില്‍ പോകുമ്പോള്‍ ഒന്ന് സൂക്ഷിക്കുക' എന്നുപറഞ്ഞാണ് ഈ സന്ദേശം ആരംഭിക്കുന്നത്. ഈ സന്ദേശം ആളുകളെ ആശങ്കയിലാഴ്‌ത്തിയിരുന്നു. 

പ്രചാരണം ഇങ്ങനെ

'അമ്പലപ്പുഴ ഭാഗത്തുള്ളവര്‍ കച്ചേരിമുക്കിലെ ഷോപ്പുകളില്‍ പോകുമ്പോള്‍ ഒന്ന് സൂക്ഷിക്കുക. തകഴിയില്‍ കൊവിഡ് 19 പോസിറ്റീവ് ആയിട്ടുള്ള ആള്‍ കച്ചേരിമുക്കിലെ ഏതൊക്കയോ ഷോപ്പില്‍ കയറിയിട്ടുണ്ട്. ബേക്കറിയില്‍ നിന്നും ജ്യൂസ് കുടിച്ചിട്ടുണ്ട്. റൂട്ട് മാപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു'. ഇതാണ് വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്. 

 

വസ്‌തുത

എന്നാല്‍, പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇങ്ങനെയൊരു സംഭവമില്ല എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. 

വസ്‌തുതാ പരിശോധനാ രീതി

കേരള ആരോഗ്യ വകുപ്പില്‍ നിന്നുള്ള വിവരങ്ങളോടെ ആന്‍ഡി ഫേക്ക് ന്യൂസ് ഡിവിഷന്‍ കേരളയാണ് പ്രചാരണത്തിന് പിന്നിലെ ചുരുളഴിച്ചത്. വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഈ വാര്‍ത്ത വ്യാജമാണെന്ന് ആന്‍ഡി ഫേക്ക് ന്യൂസ് ഡിവിഷന്‍ കേരള സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് കീഴിലുള്ള വസ്‌തുതാ പരിശോധനാ വിഭാഗമാണ് ആന്‍ഡി ഫേക്ക് ന്യൂസ് ഡിവിഷന്‍ കേരള

നിഗമനം

തകഴിയില്‍ കൊവിഡ് 19 പോസിറ്റീവ് ആയിട്ടുള്ള ആള്‍ കച്ചേരിമുക്കിലെ ഏതൊക്കയോ ഷോപ്പില്‍ കയറിയിട്ടുണ്ട്, ആളുകള്‍ ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്ന് തെളിഞ്ഞിരിക്കുന്നു. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ് എന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. കൊവിഡ് 19നുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളുടെ പിന്നിലെ വസ്തുത നേരത്തെയും ഫേക്ക് ന്യൂസ് ഡിവിഷന്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​