തിരുവനന്തപുരം: 'സംസ്ഥാനത്ത് നാളെ മുതല്‍ തുവാല, തോര്‍ത്ത്, ഷോള്‍ എന്നിവയൊന്നും മാസ്ക് ഇനത്തില്‍ ഉള്‍പ്പെടുത്തില്ല'. മാസ്ക് ധരിക്കൂ മാസ്സ് ആകൂവെന്ന് പ്രചരിക്കുന്ന പോസ്റ്ററിന്‍റെ സത്യാവസ്ഥയെന്താണ്?കൊവിഡ് 19 പ്രതിരോധത്തില്‍ പ്രധാനമായി നിര്‍ദേശിക്കുന്ന ഒന്നാണ് മാസ്ക് ധരിക്കുക എന്നത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കാനും പിഴ ചുമത്താനും തുടങ്ങി.

ഇതോടെ ആളുകള്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മുഖം മറയ്ക്കാന്‍ തുടങ്ങി. തുവാല, ഷോള്‍, തോര്‍ത്ത് എന്നിവയെല്ലാം ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇതിന് പിന്നാലെയാണ് ഈ പോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. ഇത്തരം വസ്തുക്കള്‍ മാസ്കായി ഉപയോഗിച്ചാല്‍ 5000 രൂപ ഫൈന്‍ എന്നാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്.

എന്നാല്‍ ഈ പോസ്റ്റര്‍ വസ്തുതാ വിരുദ്ധമാണെന്ന് കേരള പബ്ലിക് റിലേഷന്‍ വിഭാഗത്തിന്‍റെ വസ്തുതാ പരിശോധക വിഭാഗമായ ആന്‍റി ഫേക്ക് ന്യൂസ് ഡിവിഷന്‍ കേരള വ്യക്തമാക്കി. ഈ പോസ്റ്ററിലെ അവകാശ വാദങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്നും പിഴ ചുമത്തുന്ന കാര്യം ഒഴിച്ച് അതില്‍ പറഞ്ഞിരിക്കുന്ന വസ്തുക്കള്‍ മാസ്കിന് പകരമായി ഉപയോഗിക്കാന്‍ കഴിയില്ല എന്നത് വസ്തുതാ വിരുദ്ധമാണെന്ന് ആന്‍റി ഫേക്ക് ന്യൂസ് ഡിവിഷന്‍ കേരള വിശദമാക്കുന്നു. നിരവധിയാളുകൾ വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വ്യാജ പോസ്റ്റര്‍ പങ്കുവച്ചിരുന്നു.