തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് 19 ജാഗ്രതയില്‍ നില്‍ക്കേ വ്യാജ പ്രചാരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. 'അമ്പലപ്പുഴ ഭാഗത്തുള്ളവര്‍ കച്ചേരിമുക്കിലെ ഷോപ്പുകളില്‍ പോകുമ്പോള്‍ ഒന്ന് സൂക്ഷിക്കുക. തകഴിയില്‍ കൊവിഡ് 19 പോസിറ്റീവ് ആയിട്ടുള്ള ആള്‍ കച്ചേരിമുക്കിലെ ഏതൊക്കയോ ഷോപ്പില്‍ കയറിയിട്ടുണ്ട്. ബേക്കറിയില്‍ നിന്നും ജ്യൂസ് കുടിച്ചിട്ടുണ്ട്. റൂട്ട് മാപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു' എന്നൊരു പ്രചാരണം നേരത്തെയുണ്ടായിരുന്നു. ഇപ്പോള്‍ സമാനമായൊരു പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. 

പ്രചാരണം ഇങ്ങനെ

'നെയ്യാറ്റിന്‍കര ബസ്‌റ്റാന്‍ഡിനുള്ളില്‍ രണ്ട് തമിഴ്‌നാട്ടുകാരെ അവശനിലയില്‍ കണ്ടു. ആരോഗ്യ വകുപ്പിന്‍റെ പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ചു'. 

 

വസ്‌തുത എന്ത്

എന്നാല്‍, നെയ്യാറ്റിന്‍കര ബസ്‌റ്റാന്‍ഡിനുള്ളില്‍ കൊവിഡ് ബാധിതരായ രണ്ട് തമിഴ്‌നാട്ടുകാരെ കണ്ടെത്തി എന്ന പ്രചാരണം വ്യാജമാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. 

വസ്‌തുതാ നിരീക്ഷണ രീതി

കേരള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് കീഴിലുള്ള ആന്‍ഡി ഫേക്ക് ന്യൂസ് ഡിവിഷന്‍ കേരളയാണ് പ്രചാരണത്തിലെ വസ്‌തുത വെളിച്ചത്തുകൊണ്ടുവന്നത്. വാട്‌സ്‌ആപ്പിലൂടെ പ്രചരിക്കുന്നതായി കണ്ടിട്ടുള്ള ഈ വാര്‍ത്ത വ്യാജമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട് എന്നും ആന്‍ഡി ഫേക്ക് ന്യൂസ് ഡിവിഷന്‍ കേരള അറിയിച്ചു. 

Read more: 'കൊവിഡ് സഹായമായി എല്ലാവര്‍ക്കും 5000 രൂപ'; വൈറല്‍ സന്ദേശം കണ്ട് അപേക്ഷിക്കണോ?

നിഗമനം

കൊവിഡ് രോഗികള്‍ സന്ദര്‍ശനം നടത്തിയെന്നും ജനങ്ങള്‍ സൂക്ഷിക്കണമെന്നും പറയുന്ന വ്യാജ സന്ദേശങ്ങള്‍ കേരളത്തില്‍ സജീവമാകുകയാണ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര ബസ്‌റ്റാന്‍ഡിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ രണ്ട് തമിഴ്‌നാട്ടുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്നത് വ്യാജ വാര്‍ത്തയാണ് എന്ന് വ്യക്തമായിരിക്കുന്നു. തകഴിയില്‍ കൊവിഡ് 19 പോസിറ്റീവ് ആയിട്ടുള്ള ആള്‍ കച്ചേരിമുക്കിലെ ഏതൊക്കയോ ഷോപ്പില്‍ കയറിയിട്ടുണ്ട്, ആളുകള്‍ ശ്രദ്ധിക്കുക എന്ന പ്രചാരണം വ്യാജമാണ് എന്ന് നേരത്തെ വ്യക്തമായിരുന്നു. 

Read more: 'രാജ്യത്തെ സ്‌കൂളുകളെല്ലാം തുറക്കാന്‍ പോകുന്നു, കേന്ദ്രാനുമതി'; പ്രചാരണം ശരിയോ?

വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്‌ച വ്യക്തമാക്കിയിരുന്നു. വ്യാജ വാര്‍ത്തകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡിനെക്കുറിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​