ദില്ലി: രാജ്യത്ത് കൊവിഡ് 19 ലോക്ക് ഡൗണ്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. തൊഴില്‍ നഷ്‌ടമായും ജോലി ചെയ്യാനാകാതെയും ലക്ഷക്കണക്കിനാളുകള്‍ ക്ലേശമനുഭവിക്കുന്നു. ഇതിനിടെ സര്‍ക്കാര്‍ ധനസഹായങ്ങള്‍ എന്നുപറഞ്ഞ് നിരവധി വ്യാജ സന്ദേശങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത്തരത്തിലൊരു സന്ദേശത്തിന് പിന്നിലെ വസ്‌തുത ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 

പ്രചാരണം ഇങ്ങനെ

രാജ്യത്തെ പൗരന്‍മാര്‍ക്കെല്ലാം ദുരിതാശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ 5000 രൂപ വീതം നല്‍കുന്നു എന്നാണ് പ്രചാരണം. ഇതൊരു പരിമിതകാല ഓഫര്‍ ആണെന്നും എത്രയും വേഗം രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെടുന്നു. തുക ലഭിക്കാനായി അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്‌സൈറ്റ് അഡ്രസും നല്‍കിയിട്ടുണ്ട്. വാട്‌സ്‌ആപ്പ്, ട്വിറ്റര്‍, ഫേസ്‌ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലാണ് ഈ സന്ദേശം പ്രചരിച്ചത്. 

 

വസ്‌തുത എന്ത്

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു ധനസഹായം നല്‍കുന്നില്ല എന്നതാണ് സത്യം. പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ് എന്ന് ഇതിനാല്‍ വ്യക്തമായി. 

വസ്‌തുതാ പരിശോധനാ രീതി

സംശയം ജനിപ്പിക്കുന്ന യുആര്‍എല്‍ 

പ്രചരിക്കുന്ന വൈറല്‍ സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന വെ‌ബ്‌സൈറ്റ് യുആര്‍എല്‍ വ്യാജമാണെന്നും സര്‍ക്കാരുമായി ബന്ധമില്ല എന്നും തെളിഞ്ഞു. fund.ramaphosafoundation.com എന്നാണ് സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്ക്. എന്നാല്‍ സര്‍ക്കാര്‍ വെ‌ബ്‌സൈറ്റുകള്‍ക്ക് .gov എന്ന അഡ്രസാണ് ഉണ്ടാവുക. 

കെനിയയിലും വൈറലായ സന്ദേശം

 

ലിങ്കില്‍ ക്ലിക്ക് ചെയ്ത് ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സന്ദേശം നേരത്തെ കെനിയയിലും വൈറലായിരുന്നു എന്ന് ഫാക്‌ട് ചെക്ക് വെ‌ബ്‌സൈറ്റായ ബൂംലൈവ് കണ്ടെത്തി. 10,000 കെനിയന്‍ ഷില്ലിംഗ്‌സ് നല്‍കുന്നു എന്നാണ് അവിടെ പ്രചരിച്ച സന്ദേശത്തില്‍ പറയുന്നത്. 

വസ്‌തുത

രാജ്യത്തെ എല്ലാവര്‍ക്കും കൊവിഡ് ദുരിതാശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ 5000 രൂപ വീതം നല്‍കുന്നു എന്ന പ്രചാരണം വ്യാജമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. വൈറല്‍ സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന വെബ്‌സൈറ്റും വ്യാജമാണ്. 

സമാന വ്യാജ സന്ദേശങ്ങള്‍ മുന്‍പും

 

1990- 2020 കാലഘട്ടത്തില്‍ തൊഴില്‍ ചെയ്തവര്‍ക്ക് 1,20,000 രൂപ ധനസഹായം ലഭിക്കും എന്നൊരു സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ധനസഹായത്തിന് അര്‍ഹരാണോ എന്ന് പരിശോധിക്കാനുള്ള ലിങ്ക് സഹിതമാണ് വാട്‌സ്ആപ്പ് സന്ദേശം വ്യാപകമായത്. എന്നാല്‍, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ ജോലി ചെയ്തയാളുകള്‍ക്ക് 1,20,000 രൂപ നല്‍കുന്നതായുള്ള പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) അന്ന് വ്യക്തമാക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​